പുതിയ മേജർ ആർച്ച് ബിഷപ്പ്

JANUARY 10, 2024, 9:18 PM

സിറോ മലബാർ സഭയുടെ സിനഡിൽ നടന്ന മേജർ ആർച്ച് ബിഷപ്പിനായുള്ള തിരഞ്ഞെടുപ്പ്, ഈ പ്രത്യേക സാഹചര്യത്തിൽ പക്വതയാർന്നതാണെന്നു പറയാതിരിക്കാൻ കഴിയില്ല. അല്ലെങ്കിൽ പക്വതയ്ക്ക് നിർബന്ധിതമായ സാഹചര്യം സംജാതമായെന്നു ചുരുക്കം. അങ്ങിനെ മേജർ ആർച്ച് ബിഷപ്പായി ആരാധ്യനായ മാർ റാഫേൽ തട്ടിൽ അരങ്ങത്തെത്തിക്കഴിഞ്ഞിരിക്കുന്നു. അതിനായുള്ള സിനഡ് സമിതിയുടെ അധ്യക്ഷനായിരുന്ന കോട്ടയം ആർച്ച് ബിഷപ് മാർ ജോസഫ് മൂലക്കാട്ടിനോടും ഏറ നന്ദിപറയേണ്ടതുണ്ട്.

നമ്മുടെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരിൽ 1956 ഏപ്രിൽ 21നാണ് തട്ടിൽ വീട്ടിൽ റാഫേൽ ഭൂജാതനായത്.  തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം നേടി. 1980 ഡിസംബർ 21ന് പുരോഹിതനുമായി. തൃശൂരുള്ള അരണാട്ടുകര പള്ളിയിലാണ് സഹവികാരിയായി ചെന്നുകയറിയത്. അവിടത്തെ അൽമായരെ ആദ്യമേ തന്നെ കൈയ്യിലെടുത്തു. പിന്നെ, തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട്, വൈസ് റെക്ടർ, പ്രെക്കറേറ്റർ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളിൽ ആക്ടിങ് വികാരിയായും ശോഭിച്ചു.

റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാൻസലർ, ചാൻസലർ, സിൻചെല്ലൂസ് എന്നീ പദവികൾ വഹിച്ചു. രൂപതാ കച്ചേരിയിൽ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്റ് വികാരിയുമായിരുന്നു. അതേത്തുടർന്ന് ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്തുപിതാവിന്റെ സഹായമെത്രാനായി സഹവസിച്ചു. അവിടെനിന്നും നേടിയ അനുഭവജ്ഞാനം ചെറുതല്ല. ആ ജ്ഞാനമത്രയും തലയിലേറ്റിയാണ് ആന്ധ്രാ തെലുങ്കാന അടങ്ങന്ന ഷംഷാബാദ് മിഷൻ രൂപതാധ്യക്ഷനായ മാർ റാഫേൽ തട്ടിൽ തിളങ്ങിയത്.
തികച്ചുമൊരു മിഷൻ രൂപതയിലെ ബിഷപ്പ് എന്ന നിലയിൽ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്കുള്ള സാധ്യതാ ചർച്ചകളിൽ മാർ റാഫേൽ തട്ടിലിന്റെ പേര് ഒരിടത്തും പരിഗണനയ്ക്കു പോലും വന്നില്ല.  എന്നാൽ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി എന്നു പറഞ്ഞതുപോലെയായി സംഗതി..!

vachakam
vachakam
vachakam

തെല്ലും വിവാദങ്ങളിൽ അകപ്പെടാത്ത ആത്മീയ പ്രഭ ചൊരിയുന്ന നർമ്മത്തിന്റെ മർമം അറിയുന്ന സർവ്വസമ്മതൻ എന്ന നിഴലിൽക്കൂടിയാണിപ്പോൾ ഈ മഹനീയ പദവി തേടിയെത്തിയത്.  അദ്ദേഹത്തിന്റെ പ്രസംഗം... അത് അതിമനോഹരമാണ്. ആരുടേയും ഹൃദയം കവരാൻ തട്ടിൽ പിതാവിന് മറ്റൊരു പൊടിക്കയ്യും ചെയ്യേണ്ടതില്ല. മിനിട്ടുകൾക്കുള്ളിൽ നർമ്മഭാഷണത്തിലൂടെ എതിരാളികളെപ്പോലും വശത്തിലാക്കാൻ മാത്രം മതിയായ തൃശൂർ ഭാഷ കൈമുതലുണ്ട്. പുതിയ മേജർ ആർച്ച് ബിഷപ്പിന് ആശംസകൾ നേരുന്ന ചടങ്ങ് അങ്ങ് പൂർത്തിയാക്കിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അതിന് മറുപടിയായി മാർ റാഫേൽ തട്ടിൽ പറഞ്ഞതിങ്ങനെ:

സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാ വിഭാഗങ്ങളെയും സഹകരിപ്പിച്ച് ദൈവാശ്രയത്തോടെ താൻ നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കും. ആ സംസാരത്തിലെ ലാളിത്യം, ഉള്ളുതുറന്ന്  നന്മനിറഞ്ഞ ഭാഷണം. അതുമതി പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങാൻ എന്നല്ല പറയുന്നത്. തുടക്കത്തിന്റെ ആത്മാർത്ഥതയെ നമുക്കാർക്കും ചോദ്യം ചെയ്യാനാകാത്തത്ര നിർമ്മലം. അതാണ് കാര്യം. പന്ത്രണ്ട് സംവത്സരങ്ങൾക്ക് ശേഷമാണ് സീറോ മലബാർ സഭയ്ക്ക് പുതിയ ഇടയൻ സുസമ്മതനായി  പ്രത്യക്ഷപ്പെടുന്നത്.

ആരാധനാക്രമം സംബന്ധിച്ച അതിരൂക്ഷ ഭിന്നതയും എറണാകുളം അതിരൂപതയിലെ ഭൂമി വിവാദവും കത്തിനിൽക്കമ്പോൾ സീറോ മലബാർ സഭയെ നയിക്കാനെത്തുന്ന മാർ റാഫേൽ തട്ടിലിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറച്ചുകാണേണ്ടതുമില്ല. സഭാ ചരിത്രത്തിലെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിൽ നിയമിതനാകുന്നതിലെ ദൈവീകത ചെറുതല്ല.

vachakam
vachakam
vachakam

ഭിന്നതകളൊതുക്കാനുള്ള വെല്ലുവിളികളേറ്റെടുക്കാനാണ് തന്റെ അചഞ്ചലമായ തീരുമാനമെന്ന് മേജർ ആർച്ച് ബിഷപ്പായുള്ള പ്രഖ്യാപനത്തിനു നന്ദി പറഞ്ഞുകൊണ്ട് മാർ റാഫേൽ പറയുമ്പോൾ സീറോമലബാർ സഭ മാത്രമല്ല, മാലാഖക്കൂട്ടം ഒന്നാകെ സന്തോഷിക്കുന്നു. എല്ലാം നല്ലതിനാകട്ടെയെന്ന് ആശംസിക്കുന്നു.

ജോഷി ജോർജ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam