ശേഷനു ശേഷം ചിന്ത്യം..!

MARCH 11, 2024, 12:03 AM

അരുൺ ഗോയൽ എന്ന തെരഞ്ഞെടുപ്പു കമ്മീഷണറുടെ രാജി വാർത്ത കേട്ട് അമ്പരക്കാൻ നിൽക്കുന്നതിനു മുമ്പ്, ഇന്ത്യ കണ്ട ഏറ്റവും മിടുക്കനായ, നട്ടെല്ലുള്ള ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറെക്കുറിച്ച് ഓർത്തുപോയി. പാലക്കാട്ട് തിരുനെല്ലി മഠത്തിലെ നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ...!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ മത്സരവേദിയെ ഒറ്റയ്ക്കുനിന്നു നിയന്ത്രിച്ച അമ്പയർ ആയിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖരെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാൻ രാജീവ് ഗാന്ധിയിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയ ആളായിരുന്നു ശേഷൻ.

എന്നിട്ടും ചന്ദ്രശേഖർ പ്രധാനമന്ത്രി ആയപ്പോൾ ശേഷന് പ്രധാന സ്ഥാനം ഒന്നും കൊടുത്തില്ല. പകരം തെരഞ്ഞെടുപ്പ് കമ്മീഷണർ ആക്കി ഒതുക്കി. അതിൽ മനംനൊന്തിരിക്കാതെ കമ്മീഷണർ പുതിയ ഒരു അവതാരം എടുത്തു. തന്നെ വളർത്തിക്കൊണ്ടുവന്ന അതേ വ്യവസ്ഥിതിയുടെ ജീർണതകൾക്കെതിരെ ശേഷൻ ആഞ്ഞടിച്ചു. ഒട്ടേറെ വിവാദങ്ങൾക്ക് തിരികൊളുത്തിയും, വിജയം ഘോഷിച്ചും ആറാണ്ട് നിർവചൻ സദനിൽ ഇരുന്ന് പൊരുതിയ ഒറ്റയാൾ പട്ടാളം.

vachakam
vachakam
vachakam

ഭരണഘടനയുടെ അകത്തുനിന്ന് തന്നെ അധികാരങ്ങൾ വേണ്ടവിധം ഉപയോഗിച്ച് എക്‌സിക്യൂട്ടീവിനെയും ജുഡീഷ്യറിയേയും പോലും തന്റെ വഴിയെ നയിച്ച മനുഷ്യൻ. തെരഞ്ഞെടുപ്പ് വ്യവസ്ഥിതിയുടെ ചെവിക്ക് പിടിച്ച് നേർവഴിക്ക് നയിച്ച കർമ്മയോഗി. കലഹങ്ങൾക്കും ഭീഷണികൾക്കും തരംതാഴ്ത്തലുകൾക്കും മുന്നിൽ അടിപതറാതെ നിന്ന് ചങ്കുറപ്പുള്ള, ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും കരുത്തനായ ബ്യൂറോക്രാറ്റായിരുന്നു ശേഷൻ.

ഇന്ത്യൻ ജനതയുടെ ആശയും ആവേശവും ആയിരുന്നു ഈ മലയാളി. ഇത്രയേറെ അധികാരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഉണ്ടെന്ന് മാലോകർ അറിഞ്ഞതുതന്നെ ശേഷനിലൂടെയാണ്. ഗുണ്ടകളെയും പണച്ചാക്കുകളെയും ബുത്തുപിടുത്തക്കാരേയും തിരഞ്ഞെടുപ്പ് ബൂത്തുകളിൽ നിന്ന് ആട്ടിപ്പായിച്ച വീരന് ഏഷ്യയുടെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന 'മാക്‌സസേ' അവാർഡ് ഉൾപ്പെടെയുള്ള ബഹുമതികൾ തികച്ചും സ്വഭാവികം.

യശഃശരീരനായ ഈ  മനുഷ്യന്റെ കർമ്മശേഷിക്കുമുന്നിൽ നമിച്ചുകൊണ്ടു പറയട്ടെ, ഇപ്പോഴുള്ള കമ്മീഷണറുടെ പൊറാട്ട് നാടകം കണ്ടിട്ട് ഒന്നും മനസിലാകുന്നില്ല. 2019ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പെരുമാറ്റ ചട്ടലംഘനത്തിന് മോദിജിക്കും അമിത്ഷാജിക്കും എതിരെ നടപടി വേണമെന്ന് അന്നത്തെ തെരഞ്ഞെടുപ്പുകമ്മീഷണർ ലവാസ നിലപാടെടുത്തിരുന്നു. തുടർന്ന് ലവാസയുടെ വീട്ടുകാർക്കെതിരെ ആദായനികുതിവകുപ്പിന്റെ നടപടിയുണ്ടായി. അതിനുശേഷം കക്ഷി രാജിവയ്ക്കുകയായിരുന്നു. രാജി വച്ചില്ലായിരുന്നുവെങ്കിൽ അദ്ദേഹമിന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറാകുമായിരുന്നു.

vachakam
vachakam
vachakam

ഞായറാഴ്ചത്തെ ഫ്രീപ്രസ് ജേണൽ എന്ന പത്രം ആദ്യപേജിൽ അല്പം പരിഹാസരൂപേണയാണെങ്കിലും തലക്കെട്ടുകൊടുത്തു: വൺ നേഷൻ, വൺ പോൾ, വൺ ഇലക്ഷൻ കമ്മീഷൻ..! അങ്ങിനെയൊരു സംഗതിയിലേക്ക് നീങ്ങാൻ വഴിയൊരുക്കിയതല്ലെന്ന് ആരുകണ്ടു. അല്ലയിനി രണ്ടുപേരേക്കൂടി എടുത്താലും എന്ത്..? ത്രീഏക ദൈവത്തിന് സ്തുതി എന്നു പ്രാർത്ഥിക്കുകയല്ലാതെന്തുവഴി.

ജോഷി ജോർജ്‌

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam