ഭാരതീയ ജനതാരത്‌നം

FEBRUARY 4, 2024, 5:51 PM

മോദി സർക്കാരിന്റെ ഉറപ്പ്, കുറുപ്പിന്റെ ഉറപ്പുപോലല്ലെന്ന് ഇപ്പോഴെങ്കിലും മനസിലായോ..? പരമോന്നത പദവിയായ ഭാരതരത്‌നം ഇതാ നമ്മുടെ ലാൽചന്ദ് കൃഷൻചന്ദ് അഡ്വാനി ജീക്ക് നൽകിയിരിക്കുന്നു. ഇനി ഒരുകാരണവശാലും അഡ്വാനി പുറത്തേക്കിറങ്ങി നടക്കില്ലെന്നു 'ഉറപ്പു'വരുത്തിയ ശേഷമാണ് മോദിജി അത് സമ്മാനിക്കുന്നതെന്നെല്ലാം കുശുമ്പന്മാർ പറഞ്ഞു പരത്തിയേക്കാം. ആരത് ഗൗനിക്കുന്നു. 

ദിവസങ്ങൾക്കുമുമ്പല്ലോ നിതീഷ് കുമാറിന് കൊടുത്ത ഉറപ്പിന്റെ പുറത്ത് മോദി ബീഹാറികളെ സന്തോഷിപ്പിക്കാൻ കർപ്പൂരി ഠാക്കുറിന് ഭാരത രത്‌നം കൊടുത്തത്. അതു കൊടുത്തപ്പോൾപോലും അഡ്വാനിയെ മറന്നെന്ന ബി.ജെ.പി കൂടാരത്തിനുള്ളിൽ നിന്നുമുള്ള മുറുമുറുപ്പ് ഉയർന്നിരുന്നുവത്രെ..! അതെന്തായാലും ആവിയായിപ്പോകുന്നതിനു മുമ്പേ തന്നെ കൊടുത്തല്ലോ രത്‌നം..! അതാണ് മോദിജി. അല്ലാതെ കടൽക്കിഴവൻ നേതാക്കളെ വിലമതിക്കുന്ന പരീശക്കൂട്ടങ്ങളുടെ സമ്മർദ്ദമൊന്നും ഇതിലില്ല.

അങ്ങ് കറാച്ചിയിൽ 1927 മാണ്ടിലാണ് അഡ്വാനി ജി ഭൂജാതനായത്. കിഷൻചന്ദ് അഡ്വാനിയും ഗ്യാനി ദേവിയുമായിരുന്നു മാതാപിതാക്കൾ. 1936 മുതൽ 1942 വരെ ഇദ്ദേഹം കറാച്ചി സെന്റ് പാട്രിക് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയത്. വിഭജനകാലത്തു മുംബൈയിലെത്തി. ഇടക്കെപ്പോഴോ കാക്കി നിക്കറിനോട് കമ്പം തോന്നി. പിന്നെ ഉറക്കത്തിലും കാക്കിനിക്കറായിരുന്നു പതിവ്. അത് കണ്ട ചില സ്വയം സേവകർ പിടിച്ച് ആർ.എസ്.എസ് ശാഖയിൽ കൊണ്ടിരുത്തി. പാളത്താറുടുത്ത കുറെ അപ്പൂപ്പന്മാർ അവിടെയുണ്ട്. അവരൊക്കെ മടിയിൽ പിടിച്ചിരുത്തി കൊഞ്ചിക്കുകയും കഞ്ചിക്കഴുത്തിൽ ഇക്കിളിയിടുകയുമൊക്കെ ചെയ്തത് ഇന്നലെയെന്നോണം മൂപ്പർ ഓർക്കുന്നു.

vachakam
vachakam
vachakam

പിന്നെ അഡ്വാനി അടിതടവും കബഡികളിയും അവിടെനിന്നും സ്വയത്തമാക്കി. ഡി.ജി. നാഷണൽ കോളേജിലാണ് ഇദ്ദേഹം ബിരുദപഠനം നടത്തിയത്. മുംബൈ ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവുമെടുത്തു. 1960 മുതൽ 1967 വരെ ഇദ്ദേഹം 'ഓർഗനൈസർ' എന്ന പ്രസിദ്ധീകരണത്തിന്റെ സഹപത്രാധിപരായിരുന്നു. വായിൽ തോന്നിയതെല്ലാം അതിൽ കുത്തിക്കുറിച്ചു. ഇതുകൊണ്ടൊക്കെ ജീവിക്കാനുള്ള 'വഹ' കണ്ടെത്താനായില്ല. അതിനാൽ കുറേക്കൂടി മെച്ചമായ മേച്ചിൽപ്പുറം തേടിയുള്ള യാത്രക്കിടയിലാണ് പക്കാ രാഷ്ടീയ പൊയ്കയിലേക്കുള്ള വള്ളത്തിലേക്ക് എടുത്തുചാടിയത്. ആ വള്ളം തുഴഞ്ഞുതുഴഞ്ഞ് ഉപപ്രധാനമന്ത്രിയുടെ ഊട്ടുപുരവഴി ഭരണചക്രം തിരിക്കുന്ന കസേര കരഗതമാക്കി.

രാമക്ഷേത്രത്തിനായുള്ള പ്രസ്ഥാനത്തെ ദേശീയ പ്രാധാന്യത്തിലേക്ക് എത്തിക്കാനുള്ള ബുദ്ധി ആ തലയിലുദിച്ചുയർന്നപ്പോഴാണ് സഞ്ചാരത്തിനായി പുരാണകാലത്തേ രഥമൊന്ന് സംഘടിപ്പിക്കാമെന്നു തോന്നിയത്. അതൊരു ഒന്നൊന്നര തോന്നലായിപ്പോയി. പിന്നെ നിലംതൊട്ടിട്ടില്ല. ഒടുവിൽ ക്ഷേത്രം പടുത്തുയർത്തിക്കഴിഞ്ഞപ്പോൾ വേപ്പിലയായെന്നും മറ്റും ദുഷ്ടബുദ്ധികൾ പറഞ്ഞു പരത്തി. അപ്പൂപ്പന് വയ്യാതിരിക്കുന്നതിനാലാണ് തണുപ്പത്തിറങ്ങേണ്ടെന്നു ആ ശുദ്ധാത്മാക്കൾ പറഞ്ഞത്. പ്രായമായതിനാലാണ് കക്ഷിയെ പ്രധാനമന്ത്രിയാക്കാൻ കഴിയാതെ പോയതും. അതിനെല്ലാം പരിഹാരമായാണ് 2015ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷൺ കൊടുത്ത് മൂലക്കൊരിടത്തിരുത്തിയത്.

ഉള്ളത് പറയണമല്ലോ, ഇന്ത്യാമഹാരാജ്യത്ത് ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രിയും ലോക്‌സഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന ഒരേയൊരു വ്യക്തി അഡ്വാനിയാണ്. അഡ്വാനി മാത്രമാണ്.

vachakam
vachakam
vachakam

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam