തൃശൂരിൽ മുരളീരവം

MARCH 8, 2024, 2:11 PM

കിങ്ങിണിക്കുട്ടനെന്നൊക്കെ ആക്ഷേപം ചൊരിഞ്ഞവർക്ക് കനത്തവെല്ലുവിളിയായി മാറിയൊരു മുരളീരവം ഇതാ തൃശൂരിൽ നിന്ന് ഇയരുന്നു. എന്തിന് ഒരുവിഭാഗം കോൺഗ്രസ്സുകാർക്കുപോലും ഒരുകാലത്ത് തള്ളിക്കളഞ്ഞ ഈ കല്ല്  മൂലക്കല്ലാക്കി മാറ്റേണ്ടതായിവന്നു.

തൃശൂരിങ്ങെടുക്ക്വാാാ.. എന്നൊക്കപ്പറഞ്ഞ് ലൂർദ് മാതാവിന് അൻപൊന്നുകൊണ്ടുള്ള മുൾക്കിരീടം ചൂടിച്ച വിദ്വാനൊക്കെ ഒരു വിമ്മിഷ്ടത്തിലാണിപ്പോൾ. ഓടുന്ന നായ്ക്ക് ഒരു മുഴം മുമ്പേ എന്ന ചിന്തയിൽ പരമരഹസ്യമായി പത്മജയെ പാട്ടിലാക്കി കരുണാകരന്റെ തട്ടകത്തിൽ നിന്നും പരമാവധി കോൺഗ്രസ് വോട്ടുകൾ തട്ടാനായിരുന്നു പ്ലാൻ. പണ്ടൊക്കെ രജിസ്ട്രർ വിവാഹം നടത്താനായി പെണ്ണിനെ റാഞ്ചിക്കൊണ്ടുപോകുന്നതുപോലെ പത്മജയെ ആദ്യം ഈ ഗോപിക്കുട്ടൻ ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കരുടെ വസതിയിലെത്തിച്ചു.

എന്നിട്ട് സൗകര്യപൂർവം ഒരുനാൾ ബിജെപി ആസ്ഥാന മന്ദിരത്തിൽ നിന്നും അംഗത്വമെടുപ്പിച്ചു. ഇക്കളികളൊന്നും കേരളത്തിലേയോ, കേന്ദ്രത്തിലേയോ, മുന്തിയ ബിജെപി നേതാക്കൾ അറിഞ്ഞതുമില്ല. ബിജെപിയുടെ എല്ലാമെല്ലാം തങ്ങളാണെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു നടക്കുന്നവർ പോലും  അറിഞ്ഞില്ല.
 എന്നാൽ കോൺഗ്രസിന്റെ നോട്ടത്തിൽ കാൽക്കാശിന് പ്രയോജനമില്ലാത്ത പത്മജ കടിച്ചുകുടഞ്ഞാലും അവസാനത്തെയീ അത്താഴം മുടങ്ങിയേക്കുമെന്നൊരു തോന്നലിൽ..! അതേ, ആ ചിന്തയിൽ നിന്നാണ് പ്രതാപനെന്ന കരുവിനെ വെട്ടി മുരളീധരനെ കളത്തിലിറക്കുന്നത്.
കെ മുരളീധരനാണെങ്കിലോ, സർവസംഗ പരിത്യാഗി. അദ്ദേഹം പിതാവ് കരുണാകരനിൽ നിന്നുമാണ് ഈ പരിത്യാഗം പഠിച്ചത്. ലീഡർ കരുണാകരനും അങ്ങിനെയാണ്. ഒന്നിലും പ്രത്യേകിച്ചൊരു ആഗ്രഹവുമില്ല. സാഹസികനാണ്. ഒരു ജോഡി ഖദർ ജുബയും മുണ്ടും ഷൂവും വേണം. പിന്നെ ഒരു കാര്യത്തിലേ പിടിവാശിയുള്ളു. കോൺഗ്രസിനെ സേവിക്കണം. അതും കുടുംബത്തോടെ വേണംതാനും. നെഹ്‌റു കുടുംബത്തിന്റെ പ്രതാപവും പാരമ്പര്യവും കാത്തു സൂക്ഷിക്കണം. താനല്ലെങ്കിൽ മോൻ..! അതുമല്ലെങ്കിൽ മോൾ..! ആ തീരുമാനത്തിന് മാറ്റമില്ല.

vachakam
vachakam
vachakam

പത്മജയ്ക്കാണെങ്കിലോ, അച്ഛനേക്കാൽ ഒരു പടികൂടി മുന്നിലാണ് കോൺഗ്രസ്സ് വികാരം. കരുണാകരൻ ഡിഐസി ഉണ്ടാക്കിയപ്പോൾ പോലും കൂടെ പോയില്ല. അങ്ങിനെ പോകാതിരുന്ന മറ്റൊരാളും കൂടിയെ കേരളത്തിലുണ്ടായിരുന്നുള്ളു ടി. എച്ച് മുസ്തഫ. എന്നിട്ടും നടൻ സുരേഷ്‌ഗോപിയുടെ കടക്കണ്ണേറിൽ വീണതിലാണ് വിഷമം.

ഇതൊക്കെ നന്നായി അറിയാവുന്ന ആളാണ് മുരളീധരൻ. അതുകൊണ്ടാണ് പത്മജ ചെയ്തത് വൻ ചതി ആയിപ്പോയി എന്ന് പറയുന്നത്. അച്ഛന്റെ ദൃഢനിശ്ചയം കണ്ടാണ് മുരളിയും വളർന്നത്. ഒരു കാലത്തും ഒരു സ്ഥാനത്തോടും ആഗ്രഹം ഉണ്ടായിരുന്നില്ല. എ. കെ ആന്റണിയായിരുന്നു പ്രശ്‌നക്കാരൻ. അച്ഛനൊന്നു മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയാൽ ഏതെങ്കിലുമൊരു പ്രധാന സ്ഥാനത്തേക്ക് കെ. മുരളീധരന്റെ പേരു പറയും. ഒരുകാലത്ത് കൂടെ നടന്നിരുന്ന ചെറിയാൻ ഫിലിപ്പിന്റെ പേരുപോലും അപ്പോഴദ്ദേഹത്തിന് ഓർമ്മ വരില്ല. എല്ലാം ഗുരവായൂരപ്പന്റെ കളിയാണേ..!

അങ്ങിനെ ആന്റണി ആദ്യവട്ടം ചതിച്ചപ്പോഴാണ് പാർലമെന്റിലേക്ക് മത്സരിക്കേണ്ടി വന്നത്. ഇന്നിതാ സ്വന്തം സഹോദരിയുടെ ചതിയാൽ തൃശൂർ പാർലമെന്റ് സീറ്റിൽ മത്സരിക്കേണ്ടി വന്നിരിക്കുന്നു. അതിനായി തിരുവനന്തപുരത്തുളള ജ്യോതിസ് ഭവനിൽ നിന്നും രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുന്നു. കൂട്ടിനെപ്പോഴും ഭാര്യ ജ്യോതിയും രണ്ടുമക്കളും ഉണ്ടാകുമെന്ന ഉറപ്പിൽ..!

vachakam
vachakam
vachakam

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam