പ്രഭയേറും പ്രഭാവർമ്മ

MARCH 19, 2024, 9:49 AM

ശിവശിവാ.. എന്താകഥ. ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇനം സാഹിത്യ അവാർഡുകളിലൊന്നായ സരസ്വതി സമ്മാൻ ദാ, ഇമ്മടെ വർമ്മാജിക്ക് കിട്ടിയിരിക്കാണത്രെ..! മോഹനവർമ്മയല്ലാ കെട്ടോ, സാക്ഷാൽ പ്രഭാവർമ്മ..! പുള്ളിക്കാരന് ഇനി കിട്ടാത്ത പുരസ്‌ക്കാരത്തിന്റെ കണക്കെടുക്കലാകും. ശ്ശി എളുപ്പം..!
ആളെ ശരിക്കും അങ്ങട് പിടികിട്ടിയോ..?, തിരുവനന്തപുരത്ത് പേരുകേട്ടൊരു ഇല്ലത്ത്, മേമന ഇല്ലം അല്ലാകെട്ടോ, നാരായണൻ നമ്പൂതിരിയുടെയും പങ്കജാക്ഷിത്തമ്പുരാട്ടിയുടെയും മകനായി 1959 ലാ വിദ്വാൻ ഭൂജാതനായത്.

ബഹുകേമമായൊരു ജാതകാ ഉണ്ണീടേതെന്ന് അത് കുറിച്ച വിദ്വാൻ പലവട്ടം ഉരുവിട്ടെങ്കിലും ഇത്രക്കു വരൂന്ന് ആരും നിരാച്ചില്ല. ഹായ്... എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലയിൽ നിന്ന് ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ലോ പോയിന്റുകളും പഠിച്ചുതിമിർക്കുന്നതിനിടയിലെല്ലാം ശാന്തസ്വരൂപനായിരുന്നു ഉണ്ണി. തെല്ല് ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നെങ്കിലും വഷളൻ എന്ന് ആരേക്കൊണ്ടും പറയിപ്പിച്ചില്ല. പറയാനാരേം അനുവദിച്ചുട്ടുമില്ലെന്നു കൂട്ടിക്കോളു..!

പിന്നെയല്ലേ, സാഹിത്യവും കമ്മ്യൂണിസവും ഒക്കെ തലയ്ക്കു പിടിച്ചത്. അതോടെ ടിയാനില്ലാത്ത വേലത്തരങ്ങളൊന്നുമില്ലെന്നായി. പാട്ടെഴുത്ത്, കേട്ടെഴുത്ത്, നാടകമെഴുത്ത് ഇങ്ങനെ പലപല എഴുത്തുകളും തലയിലെഴുത്തിന്റെ ഗുണംകൊണ്ട്  ബഹുകേമമായി നടത്തിപ്പോന്നു. ആയകാലത്ത് കുത്തിയിരുന്നെഴുതിയുണ്ടാക്കിയതുകൊണ്ടെന്താ ഇന്നിപ്പോ കോളായില്ലേ, അതിന്റെയൊക്കെപ്പേരിലല്ലേ ഉറുപ്പിക കേട്ടുകണക്കിന് കിട്ടിക്കൊണ്ടിരിക്കണത്.! ഈ സരസ്വതി സമ്മാനം 'രൗദ്രസ്വാത്വികം' എന്ന കൃതിയുടെ പേരിലാണല്ലോ വാർമ്മാജിക്ക് കിട്ടയത്. റഷ്യൻ സർ ചക്രവർത്തിമാരുടെ കാലത്തെ ചരിത്ര സംഭവമാണ് രൗദ്രസ്വാത്വികത്തിൽ വർമ്മാജി പറയാൻ ഉദ്ദേശിച്ചത്.

vachakam
vachakam
vachakam

എന്നാൽ പിണറായി വിജയൻ മനസ്സിലാക്കിയത് റഷ്യയിലെ പുടിന്റെ കാലത്തെ സംഭവവികാസങ്ങളെക്കുറിച്ചാണെന്നു തോന്നുന്നു. അതുകൊണ്ടാണ് പുടിനെ അകാരണമായി അനുകരിക്കാനുള്ള വെമ്പൽ എന്ന് പ്രതിപക്ഷനേതാവ് സതീശനോ കെ.പി.സി.സി പ്രസിഡന്റോ പറയാനിടയുണ്ട്. അതെന്തായാലും വർമ്മാജി 1996ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രസ് സെക്രട്ടറിയായി സെക്രട്ടറേറ്റിൽ മുന്തിയ കസേരകളിലൊന്നിൽ ഇരുപ്പുറപ്പിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്നിപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡൈ്വസറാണ് പ്രഭാവർമ്മ.
മുഖ്യമന്ത്രിയുടെ സ്വഭാവനയ രൂപീകരണത്തിൽ വലിയൊരു പങ്ക് വഹിക്കാനും മാധ്യമപ്രവർത്തകരോട് നയത്തിൽ പെരുമാറാനും മറ്റും പിണറായിയെ ഉപദേശിക്കാൻ പ്രഭാവർമ്മക്കു കഴിഞ്ഞേക്കാം.

ആ ഒരുചിന്തയിലാണ് വലിയ പ്രതീക്ഷയോന്നുമില്ലൊതിരുന്നിട്ടും സിഎമ്മിന്റെ ഉപദേഷ്ടാവാക്കിയത്. സംഭവിച്ചത് മറിച്ചാണ്. നേരേയാക്കാനുള്ള ആളെക്കൂടി വഷളാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് പരദൂഷണ വിദ്വാൻന്മാർ പറഞ്ഞുപരത്തുന്നത്. പിണറായി ഇപ്പോഴും ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ ഒരു പ്രത്യേകതരം ആക്ഷനോടെ നെഞ്ചുവിരിച്ച് നടക്കുകയാണെന്നാണ് വിചാരിക്കുന്നത്. തനിക്ക് മറ്റൊരാളുടെ ഉപദേശമെന്തിന്. പൊന്നും കുടത്തിന് പൊട്ടോ..വട്ട്... എന്നല്ലാതെന്തുപറയാൻ എന്നാണ് ഭാവം. ചുരുക്കിപ്പറഞ്ഞാൽ മണലുകൊണ്ട് കയറുപിരിക്കാൻ കഴിഞ്ഞേക്കാം.

പുകച്ചുരുൾ കൊണ്ട് ഊഞ്ഞാലുകെട്ടി അതിലിരുന്നാടാൻ കഴിഞ്ഞേക്കാം. മഴവില്ലിന്റെ ഒരു കഷ്ണം ചീന്തിയെടുത്ത് സാരിയുണ്ടാക്കി ഉടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കാവുന്നതാണ്. എന്നാൽ പിണറായിയെ ഉപദേശിച്ചു നേരെയാക്കാൻ പ്രഭാവർമ്മയല്ല, സാക്ഷാൽ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വന്നാൽപ്പോലും കടക്കൂ പുറത്തെന്ന് കല്പിക്കാനുള്ള ഇരട്ടച്ചങ്കൊക്കെ ഇപ്പോഴും മുഖ്യനുണ്ട്. ഇതറിയാഞ്ഞിട്ടല്ല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രഭാവർമ്മയെ അവിടെ പ്രതിഷ്ഠിച്ചതെന്നു പറഞ്ഞുവല്ലോ, എങ്കിലും ഒരു പ്രതീക്ഷ. എങ്ങാനും നന്നായിപ്പോയാലോ..! അതാണല്ലോ, ശുഭാപ്തിവിശ്വാസികളുടെ ആകെയുള്ള മുതൽക്കൂട്ട്..!

vachakam
vachakam
vachakam

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam