മഞ്ഞപ്പടയ്‌ക്കൊപ്പം തന്നെ ഇവാൻ..!

MARCH 17, 2024, 4:57 PM

ഹാവൂൂൂ... ആശ്വാസമായി..! കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അവരുടെ ആശാനായ ഇവാൻ വുകോമനോവിച്ച് പടിയിറങ്ങന്നുവെന്നൊരു കിംവദന്തി നാടായനാടാകെ പരന്നു. മണിക്കൂറുകളോളം മഞ്ഞപ്പടയെ നിരാശയുടെ പാശംകൊണ്ട് കെട്ടിയിട്ട് വട്ടുതട്ടുന്നൊരു അനുഭവം..! കാരണം സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ച് ക്ലബ്ബ് വിടുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് അത് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഏത് കാട്ടുപോത്തിനാണ് അറിയാത്തത്..?

2021-22 സീസണ് മുന്നോടിയായി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഇവാൻ ആദ്യ രണ്ട് സീസണുകളിലും ടീമിനെ ഐഎസ്എല്ലിന്റെ പ്ലേ ഓഫിൽ എത്തിച്ചു. 2023-24 സീസണിലും പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികിൽ മുട്ടിയുരുമി നിൽക്കുകയാണ് മഞ്ഞപ്പട. ഒരു ഘട്ടത്തിൽ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മഞ്ഞപ്പട ഇന്നിപ്പോൾ സത്യത്തിൽ അഞ്ചാം സ്ഥാനത്താണ്. ഈ വർഷം കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും പരാജയത്തിന്റെ പടുകുഴിയിൽപ്പെട്ടതോടെയാണ് മഞ്ഞപ്പടയുടെ കളം മൂഞ്ഞ കയറിയ നെൽവയൽ പോലായത്.

അതിനിടെ ആശാൻ തന്നെ കളം വിട്ടാൽ, അടിതെറ്റിവീഴില്ലേ മഞ്ഞപ്പട. എന്നലതിനൊന്നും  ഇടവരുത്താതെ മഞ്ഞപ്പടയെ തന്റെ ഹൃദയത്തിലേറ്റി മുത്തുക്കുടചൂടിക്കാൻ ആശാനിവിടുണ്ടാകുമെന്നുറപ്പായി. യൂറോപ്പിലെ ചില മുൻ നിര ക്ലബ്ബുകളിൽ നിന്ന് ഇവാന് വമ്പിച്ച ഓഫറുകളുണ്ടെന്നും ഈ സീസണ് ശേഷം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്നുമുള്ള കുപ്രചരണമാണ് ഈ പൊല്ലാപ്പെല്ലാമുണ്ടാക്കിയത്.

vachakam
vachakam
vachakam

അങ്ങ് സെർബിയായിൽ 1977ൽ ഭൂജാതനായ ഇവാൻ വുകോമനോവിച്ച് ഒരു സെർബിയൻ ക്ലബ്ബിലാണ് പിച്ചവച്ചതും തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചതും. പിന്നീട് ഒബിലിക്കിനായി കളിച്ചു, അവിടെ അദ്ദേഹം 1997-98 ഫസ്റ്റ് ലീഗ് ഓഫ് എഫ്ആർ യുഗോസ്ലാവിയ കിരീടം അടിച്ചെടുത്തതോടെയാണ് ആരാധകർ ഏറിയത്. 

പിന്നെപ്പതിയെ ലിഗ് സൈഡ് ബോർഡോയിലേക്ക് മാറി. ഫ്രഞ്ച് ക്ലബ്ബിനൊപ്പം, 1998-99 ഫ്രഞ്ച് ഡിവിഷൻ അദ്ദേഹം നേടി. തന്റെ കരിയറിൽ ഉടനീളം, സെർബിയൻ ടീമായ റെഡ് സ്റ്റാർ ബെൽഗ്രേഡ്, ബുണ്ടസ്‌ലിഗയുടെ എഫ്‌സി കോൾ, ബെൽജിയൻ ടീം റോയൽ ആന്റ്വെർപ് എഫ്‌സി, റഷ്യൻ ക്ലബ് എഫ്‌സി ഡൈനമോ മോസ്‌കോ എന്നിവ ഉൾപ്പെടുന്ന നിരവധി മുൻനിര ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചുതിമിർത്തു.  

എതിരാളികൾ എത്ര ഞഞ്ഞാപിഞ്ഞാ പറഞ്ഞാലും റെഡ് സ്റ്റാർ ബെൽഗ്രേഡിനൊപ്പം, 2000ലെ FR യുഗോസ്ലാവിയ കപ്പിനൊപ്പം FR യുഗോസ്ലാവിയയുടെ ഫസ്റ്റ് ലീഗ് സീസണുകളും അദ്ദേഹം നേടിയിരുന്നു. സ്വരം നല്ലപ്പോൾ പാട്ടുമാത്രമല്ല, പടക്കളവും വിടമമെന്ന ആശയക്കാരനായതിനാൽ 2011ൽ വുകമനോവിച്ച് പൂർണമായി വിരമിച്ചു. അപ്പോൾ പ്രായം കേവലം 34 വയസ് മാത്രം.

vachakam
vachakam
vachakam

എന്നും എവിടേയും മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവനാണ് വുകോമനോവിച്ച്. തന്റെ മികവിനെ ഫുട്‌ബോൾ ലോകം എക്കാലവും  വാഴ്ത്തിപ്പാടണമെന്നും  ആരാധകർ ആടിത്തിമിർക്കണമെന്നും ആഗ്രഹിക്കുന്നവനുമാണ് ടിയാൻ.  ഇന്ന് കേരം തിങ്ങും കേരളനാടെന്നൊക്കെ പാട്ടിലും പടത്തിലും മാത്രമാമുള്ളു എങ്കിലും കരിമീനുള്ള കേരളത്തെ മറോടണച്ചുകൊണ്ടിരിക്കുന്നവനാണ് ഇവാൻ.

ജോഷി ജോർജ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam