ഇറ്റാലിയൻ ഫുട്‌ബോളിനെ രക്ഷിക്കാൻ ഇതിഹാസതാരം ആന്ദ്രെ പിർലോ. തുടർച്ചയായി മൂന്ന് ലോകകപ്പുകളിലേക്ക് യോഗ്യത നേടാനാവാതെ പോയതിന് പിന്നാലെയാണ് ദേശീയ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഇറ്റലി പ്രഖ്യാപിച്ചത്.
മുൻ ലോകകപ്പ് ജേതാവ് ആന്ദ്രെ പിർലോയാണ് ഇറ്റലിയുടെ പുതിയ പരിശീലകൻ. ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഓഫർ പിർലോ തത്വത്തിൽ അംഗീകരിച്ചതായും, വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും ഫാബ്രിസിയോ റൊമേനോ റിപോർട്ട് ചെയ്തു.
2030 ലോകകപ്പ് വരെ നീളുന്ന നാല് വർഷത്തെ കരാറിലാണ് പിർലോ ഒപ്പുവെക്കുക. 2026 ലോകകപ്പ് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതിനെ തുടർന്ന് ഏപ്രിലിൽ പദവി ഒഴിഞ്ഞ ഗെന്നാറോ ഗട്ടൂസോയ്ക്ക് പകരക്കാരനായാണ് പിർലോ എത്തുന്നത്. 2018, 2022, 2026 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ അസൂറികൾക്ക് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ കാലഘട്ടമാണ്.
നാല് തവണ ലോക ചാംപ്യന്മാരായ ഇറ്റലിയുടെ പരിശീലകരായി ബ്രസീൽ പരിശീലകനായ കാർലോ ആഞ്ചലോട്ടിയോ മാഞ്ചസ്റ്റർ സിറ്റി മുൻ പരിശീലകൻ പെപ് ഗ്വാർഡിയോളയോ എത്തുമെന്ന് റിപോർട്ടുകളുണ്ടായെങ്കിലും ചർച്ചകൾ എങ്ങുമെത്തിയില്ല. തുടർന്നാണ് പിർലോ എത്തുന്നത്. ഇറ്റാലിയൻ ഫുട്‌ബോളിന്റെ ഘടനാപരമായ മാറ്റങ്ങൾക്കായി നിയോഗിക്കപ്പെട്ട സാങ്കേതിക ഡയറക്ടർമാരായ പൗളോ മാൾഡീനിയും ലിയോനാർഡോയും ചേർന്നാണ് പിർലോയെ പരിശീലകനായി തിരഞ്ഞെടുത്തത്.
യുവന്റസ് പരിശീലകനായുള്ള തന്റെ ആദ്യ സീസണിൽ തന്നെ കോപ്പ ഇറ്റാലിയയും സൂപർകോപ്പ ഇറ്റാലിയാനയും പിർലോ നേടിയിരുന്നു. തുർക്കിയിലെ ഫാത്തിഹ് കരാഗുമ്രുക്, ഇറ്റാലിയൻ ക്ലബ്ബ് സാംപ്‌ഡോറിയ ടീമുകളുടെയും പരിശീലകനായിരുന്നു പിർലോ. ദുബായിലെ യുണൈറ്റഡ് എഫ്‌സിയെ യുഎഇ പ്രോ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യിച്ചതാണ് പീർലോയുടെ സമീപകാലത്തെ മികച്ച നേട്ടം.
കളിക്കാരനെന്ന നിലയിൽ ഇറ്റലിക്കായി 116 മൽസരങ്ങൾ കളിച്ച പിർലോ, 2006ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മധ്യനിര താരമായിരുന്നു. സെപ്തംബറിൽ വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിലായിരിക്കും പിർലോയുടെ തുടക്കം. സെപ്തംബറിൽ നടക്കുന്ന ആദ്യ മൽസരത്തിൽ ബെൽജിയമാണ് ഇറ്റലിയുടെ എതിരാളികൾ. തുടർന്ന് തുർക്കി, ഫ്രാൻസ് എന്നീ ടീമുകളെയും ഇറ്റലി നേരിടും.
ഇറ്റാലിയൻ ടീമിന്റെ പരിശീലകനായി ബ്രസീൽ പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ ഫെഡറേഷൻ സമീപിച്ചെങ്കിലും ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി തുടരാൻ ആഞ്ചലോട്ട് തീരുമാനിക്കുകയായിരുന്നു. പിന്നീട് മാഞ്ചസ്റ്റർ സിറ്റി മുൻ പരിശീലകൻ പെപ് ഗ്വാർഡിയോളയെ സമീപിച്ചെങ്കിലും ധാരണയിലെത്താനായില്ല. ഇതോടെയാണ് പിർലോയിലേക്ക് കാര്യങ്ങൾ എത്തിയത്.
വ്യാഴാഴ്ച ഇറ്റാലിയൻ ഫെഡറേഷൻ നടത്തിയ ചർച്ചകൾക്കൊടുവിൽ പിർലോ പരിശീലക പദവി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. പരിശീലകനെന്ന നിലയിൽ പിർലോയ്ക്ക് വലിയ പരിചയസമ്പത്തില്ലെന്ന വിമർശനം ഉയരുന്നുണ്ടെങ്കിലും, മാൾഡീനിയും ലിയോനാർഡോയും മുന്നോട്ടുവെക്കുന്ന ദീർഘകാല ഫുട്‌ബോൾ നയങ്ങൾക്ക് പിർലോ അനുയോജ്യനാണെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
