അർജന്റൈൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനത്ത് ലിയോണൽ സ്കലോണിയെ തന്നെ നിലനിർത്താൻ നീക്കവുമായി അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ. 2028 കോപ്പ അമേരിക്ക വരെ നീളുന്ന പുതിയ രണ്ടു വർഷത്തെ കരാറും, തുടർന്ന് 2030 ലോകകപ്പ് വരെ കാലാവധി നീട്ടാനുള്ള ഓപ്ഷനുമാണ് ഫെഡറേഷൻ ഔദ്യോഗികമായി സ്കലോണിക്ക് മുന്നിൽ വെച്ചിരിക്കുന്നത്.
ഈ ഡിസംബറിൽ നിലവിലെ കരാർ അവസാനിക്കാനിരിക്കെ, സ്കലോണി സ്ഥാനമൊഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടയിലാണ് പരിശീലകനെ ടീമിൽ നിലനിർത്താൻ ലക്ഷ്യമിട്ട് ഫെഡറേഷൻ പുതിയ ഓഫർ നൽകിയിരിക്കുന്നത്. സ്കലോണി ഇതുവരെ അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രതിനിധികളുമായി ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ശുഭപ്രതീക്ഷയിലാണ് എഫ്.എ ഭാരവാഹികൾ. സ്കലോണി എടുക്കുന്ന ഏത് തീരുമാനത്തെയും ടീം അംഗങ്ങൾ പിന്തുണയ്ക്കുമെന്ന് അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വ്യക്തമാക്കി.
2018-ൽ ചുമതലയേറ്റ ശേഷം അർജന്റീനയെ വീണ്ടും വിജയവഴിയിലേക്ക് നയിച്ച പരിശീലകനാണ് സ്കലോണി. അദ്ദേഹത്തിന് കീഴിൽ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങളും 2022 ഖത്തർ ലോകകപ്പും അർജന്റീന സ്വന്തമാക്കിയിരുന്നു. തുടർന്ന് 2026 ലോകകപ്പിൽ ടീമിനെ റണ്ണേഴ്സ് അപ്പ് ആക്കാനും സ്കലോണിക്കായി. വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ശേഷമായിരിക്കും പുതിയ കരാറിന്റെ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
