നഗോയ : ഈ ഏഷ്യൻ ഗെയിംസിലെ അരങ്ങേറ്റ ഇനമായ മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയുടെ സുചിക തര്യാൽ നേടിയ വെങ്കലമെഡലിൽ വിവാദത്തിന്റെ അലയൊലി. ഇന്നലെ 60 കിലോയിൽ താഴെയുള്ളവരുടെ ട്രഡിഷണൽ ഇവന്റിന്റെ സെമിഫൈനലിൽ സിംഗപ്പൂരുകാരി ഹുയി ഹൂൻ ടിയോക്കെതിരെ ഭാരക്കൂടുതലാണ് സുചികയ്ക്ക് വിനയായത്.
മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും നടത്തിയത്. അവസാനഘട്ടത്തിൽ സിംഗപ്പൂർ താരം ചില മിന്നലാക്രമണങ്ങൾ നടത്തിയെങ്കിലും സുചിക ചെറുത്തുനിന്നു. എന്നാൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഹുയി ഹൂൻ ടിയോയെയാണ് റഫറി വിജയിയായി പ്രഖ്യാപിച്ചത്.
ഇതോടെ ഇന്ത്യ അപ്പീൽ നൽകി. ഇത് പരിഗണിച്ച് ഇരുതാരങ്ങളും തുല്യപോയിന്റ് നിലയിൽ അവസാനിപ്പിച്ചതായി റഫറിമാർ വിധിയെഴുതി. ഇതോടെ വിജയിയെ കണ്ടെത്താൻ മത്സരനിയമത്തിന്റെ സാങ്കേതികതയെ ആശ്രയിക്കേണ്ടിവന്നു. നിയമം അനുസരിച്ച് രണ്ടുപേരിൽ ഭാരക്കുറവുള്ളത് ആരാണോ അവരെയാണ് വിജയിയായി പ്രഖ്യാപിക്കുക. രണ്ടുപേരും 60 കിലോയിൽ താഴെയുള്ളവരായിരുന്നെങ്കിലും സുചികയ്ക്ക് ടിയോയെക്കാൾ 700 ഗ്രാം ഭാരക്കൂടുതലുണ്ടായിരുന്നു.
ഇതോടെ ടിയോയെ വിജയിയായി പ്രഖ്യാപിച്ചു. കണ്ണീരോടെയാണ് മത്സരവേദിയിൽ നിന്ന് സുചിക മടങ്ങിയത്. സെമിയിൽ വിജയിച്ചിരുന്നെങ്കിൽ ഇന്ന് നടക്കുന്ന ഫൈനലിലെത്തി സ്വർണമോ വെള്ളിയോ നേടാനുള്ള അവസരം സുചികയ്ക്ക് ലഭിക്കുമായിരുന്നു.
പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരിൽ അയോഗ്യത നേരിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
