പ്രീമിയർ ലീഗിന്റെ 2026-27 സീസൺ ഒക്ടോബർ 10ന് ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി നിരാശപ്പെടുത്തുന്ന വാർത്ത. എല്ലാവരും കാത്തിരുന്ന പുതിയ ഉടമകൾ ഈ സീസണിൽ എത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ധാരണയിലേക്കെത്തിയെങ്കിലും കരാർ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതാണ് പുതിയ ഉടമകൾ ഈ സീസണിൽ ടീമിനെ ഏറ്റെടുക്കാത്തതിന് കാരണം.
പുതിയ ഉടമകളുടെ അഭാവത്തിൽ നിലവിലെ ഉടമകളായ മാഗ്‌നം സപോർട്‌സ് തന്നെ ഈ സീസണിലും ടീമിനെ മുന്നോട്ട് കൊണ്ടുപോകും. ഇത് വലിയ നിരാശയുണ്ടാക്കുന്ന വാർത്തയാണ്. കാരണം ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഉടമകൾക്ക് ടീമിൽ കൂടുതൽ നിക്ഷേപം നടത്താനോ മികച്ച രീതിയിലാക്കി മുന്നോട്ട് കൊണ്ടുപോകാനോ താൽപര്യമില്ല. ഈ സാഹചര്യത്തിൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് എല്ലാവർക്കുമുള്ളത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാംപ് ഇന്ന് ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഉടമകളില്ലാത്തതിനാൽ ക്യാംപ് മാറ്റിവെച്ചുവെന്നാണ് വിവരം. ഇതുവരെ ടീമിനെ പോലും കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വമ്പൻ താരങ്ങൾ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതൊന്നും ഇനി നടക്കാൻ സാധ്യതയില്ല.
പരിശീലകനായി ആഷ്‌ലി വെസ്റ്റ്‌വുഡ് ഈ സീസണിൽ തുടരുമെന്നും പുതിയ ഉടമകളുമായി ധാരണയിലേക്കെത്തിയെന്നുമായിരുന്നു റിപ്പോർട്ട് ഉണ്ടായിരുന്നത്. എന്നാൽ ഇതിനുള്ള സാധ്യത ഇനി വിരളമാണെന്ന് പറയാം. പഴയ ഉടമകൾ തുടരുമ്പോൾ വലിയ പ്രതിഫലത്തിൽ ആഷ്‌ലിയെ പരിശീലകസ്ഥാനത്ത് നിലനിർത്താൻ സാധ്യതയില്ല. ഏതെങ്കിലും തട്ടിക്കൂട്ട് പരിശീലകനെ കൊണ്ടുവരാനാണ് സാധ്യത.
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അഡ്രിയാൻ ലൂണ, കെവിൻ യോക്ക് ഉൾപ്പെടെയുള്ള പല പ്രധാന താരങ്ങളും തിരിച്ചെത്തുമെന്ന തരത്തിലും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ പഴയ ഉടമകൾ തുടർന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഈ താരങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തട്ടിക്കൂട്ട് ടീമുമായി കളിക്കാൻ ഇറങ്ങുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
അവസാന സീസണിൽ ബ്ലാസ്റ്റേഴ്‌സ് ദുർബലമായ ടീമുമായാണ് കളിക്കാൻ ഇറങ്ങിയത്. എന്നാൽ പിന്നീട് ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായതോടെ ടീം തിരിച്ചുവരവ് നടത്തുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഈ സീസൺ വളരെ പ്രധാനപ്പെട്ടതായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിൽ എന്ത് വിലകൊടുത്തും കപ്പ് നേടിയെടുക്കേണ്ടതായുണ്ടായിരുന്നു.
എന്നാൽ ഇനി വലിയ പ്രതീക്ഷ വേണ്ടെന്ന് പറയാം. കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ എപ്പോൾ പരിശീലന ക്യാംപ് ആരംഭിക്കാൻ സാധിക്കുമെന്ന കാര്യം പോലും വ്യക്തമല്ല. 20 ദിവസം മാത്രമാണ് ഐ.എസ്.എൽ ആരംഭിക്കാനായി ശേഷിക്കുന്നത്. ഈ കാലയളവിൽ എങ്ങനെ മികച്ചൊരു ടീമിനെ പ്രഖ്യാപിച്ച് പരിശീലന ക്യാംപ് നടത്തി മികച്ച പ്രകടനത്തിലേക്ക് എത്തിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം. ടീമിന്റെ പ്രകടനം മോശമായാൽ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഉടക്കാൻ സാധ്യത കൂടുതലാണ്. അവസാന സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ പ്രതിഷേധവുമായി മഞ്ഞപ്പട രംഗത്തെത്തിയിരുന്നു. മത്സരം ബഹിഷ്‌കരിക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.
എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ഉണ്ടായിരുന്ന വലിയ പ്രതീക്ഷകളെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രകടനവും ടീമിന്റെ ഭാവിയും എന്താവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
