നാഗോയ: കായിക ഏഷ്യയുടെ മഹാമാമാങ്കമായ 20-ാമത് ഏഷ്യന്‍ ഗെയിംസിന് ജപ്പാനില്‍ പ്രൗഢഗംഭീരമായ തുടക്കം. ഐച്ചി-നാഗോയയിലെ പലോമ മിസുഹോ പാര്‍ക്ക് അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജപ്പാന്‍ ചക്രവര്‍ത്തി നറുഹിതോ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചക്രവര്‍ത്തിയുടെ പത്നി മസാകോ, കിരീടാവകാശി പ്രിന്‍സ് അക്കിഷിനോ, ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആന്‍ ബിന്‍ ഹമദ് അല്‍ ഥാനി തുടങ്ങിയ പ്രമുഖരും ഐച്ചി പ്രവിശ്യാ ഗവര്‍ണര്‍ ഒമുറ ഹിഡെആക്കിയും ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.
കൈക്കോ ടോഡ ആലപിച്ച ജാപ്പനീസ് ദേശീയ ഗാനവും ആകാശത്ത് ബ്ലൂ ഇംപള്‍സ് വിമാനങ്ങള്‍ തീര്‍ത്ത വിസ്മയക്കാഴ്ചകളും ഉദ്ഘാടനച്ചടങ്ങിന് കൂടുതല്‍ ശോഭയേകി. രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഷൂട്ടിങ് താരം മനു ഭാക്കറും കബഡി താരം പവന്‍ സെഹ്രാവത്തുമാണ് ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയേന്തിയത്. അഫ്ഗാനിസ്ഥാന്‍ ആദ്യമായി അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ ബംഗ്ലാദേശ്, ചൈന, ഭൂട്ടാന്‍ എന്നിവര്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സംഘം സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. അതേസമയം ഔദ്യോഗിക കിറ്റ് വിതരണത്തിലെ പാളിച്ച കാരണം ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി.
ജെ.എസ്.ഡബ്ല്യു സ്പോര്‍ട്സിന് ചുമതലയുണ്ടായിരുന്ന കിറ്റ് വിതരണം വൈകിയതിനെ തുടര്‍ന്ന് അവസാന നിമിഷം തജീന്ദര്‍പാല്‍ സിങ്ങിന് പകരക്കാരനായാണ് പവന്‍ സെഹ്രാവത് പതാകവാഹകനായത്. ഇത്തവണ 36 കായിക ഇനങ്ങളിലായി 503 അത്‌ലറ്റുകളടങ്ങുന്ന വന്‍ സംഘമാണ് ഇന്ത്യക്കായി മെഡല്‍ പോരാട്ടത്തിനിറങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
