ബാറ്റിങിലെ അസ്ഥിരതയിൽ തനിക്ക് നേരേ വരുന്ന വിമർശനങ്ങളോടും വിശകലനങ്ങളോടു പൊരുത്തപ്പെടാൻ വർഷങ്ങളായി താൻ പഠിച്ചു കൊണ്ടിരിക്കുകയാണെന്നു ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ.
വിമർശനങ്ങൾ വരുമ്പോൾ വൈഫൈ ഓഫ് ചെയ്യുകയാണ് തന്റെ രീതി എന്ന് തമാശരൂപേണ സഞ്ജു പറഞ്ഞു. എന്നാൽ ചില സമയങ്ങളിൽ മുൻ മുതിർന്ന താരങ്ങളുടെ അഭിപ്രായങ്ങളും സോഷ്യൽ മീഡിയ കമന്റുകളും ശ്രദ്ധയിൽപ്പെടാറുണ്ടെന്നും, തങ്ങൾ റോബോട്ടുകളോ യന്ത്രങ്ങളോ അല്ലാത്തതിനാൽ അത്തരം കാര്യങ്ങൾ തുടക്കത്തിൽ സങ്കടമുണ്ടാക്കാറുണ്ടെന്നും സഞ്ജു തുറന്നുസമ്മതിച്ചു.
കഴിഞ്ഞ അഞ്ച് ട്വന്റി-20 മത്സരങ്ങളിൽ കുറഞ്ഞ സ്കോറുകൾക്ക് പുറത്തായ സഞ്ജുവിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുറത്തുനിന്നുള്ള ഈ ശബ്ദങ്ങൾ മൈതാനത്തേക്ക് കൊണ്ടുപോയാൽ സ്വതന്ത്രമായി ബാറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് താരം വ്യക്തമാക്കി.
"ഇത്തരം വിമർശനങ്ങൾ തലയിലേറ്റിയാൽ എനിക്ക് ഇതുപോലെ അടിച്ചുതകർക്കാൻ കഴിയില്ല, പുറത്തായാൽ വീണ്ടും വൈഫൈ പ്രോബ്ലം വരുമല്ലോ എന്ന് ചിന്തിച്ച് ഓരോ ഷോട്ടിനും മുൻപ് പത്ത് തവണ ആലോചിക്കേണ്ടി വരും" എന്ന് തമാശരൂപത്തിൽ സഞ്ജു കൂട്ടിച്ചേർത്തു.
പുറത്തു നിന്നുള്ളവർക്ക് വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും എന്റെ എതിരാളികളെന്ന നിലയിൽ തോന്നിയേക്കാം. ഞങ്ങൾ ഒരൊറ്റ ടീമാണ്. രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ടീം ജയിക്കുക എന്നതിനാണ് മുൻഗണന. അതിനു ശേഷമേ വ്യക്തിഗത കാര്യങ്ങൾ വരുന്നുള്ളു.'
'ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിലുള്ള പരിചയസമ്പത്ത്, കഠിനമായ സെലക്ഷൻ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നു മനസിലാക്കാൻ ആ നായകത്വം എന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ കളിക്കാരും നന്നായി പ്രകടനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ മാനേജ്മെന്റിന് ടീമിനെ തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണ്. അത്തരം ഘട്ടങ്ങളിൽ എനിക്ക് അവസരം തന്നില്ല അവന് എന്തുകൊണ്ടു കൊടുത്തു എന്നു ചിന്തിച്ച് നിരാശപ്പെടാനോ നെഗറ്റീവ് മനോഭാവം പുലർത്താനോ നമുക്ക് കഴിയില്ല. അത്തരം രീതികൾ മുന്നോട്ടു കൊണ്ടുപോകാൻ നിലവിലെ ഇന്ത്യൻ ടീമിൽ സാധിക്കില്ല'- സഞ്ജു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
