ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടമുയർത്തി ജർമ്മൻ താരംഅലക്‌സാണ്ടർ സ്വരേവ്. കഴിഞ്ഞരാത്രി നടന്ന ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സ്വരേവ് ഈ സീസണിലേയും കരിയറിലേയും തന്റെ രണ്ടാമത്തെ ഗ്രാൻസ്‌ളാം കിരീടമുയർത്തിയത്. ആദ്യ രണ്ടു സെറ്റുകളും കൈവിട്ട ബെൻ ഷെൽട്ടൺ മൂന്നാം സെറ്റ് ജയിച്ച് മത്സരത്തിലേക്കു തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും നാലാം സെറ്റിലെ ആധികാരിക പ്രകടനത്തിലൂടെ വിജയം സ്വരേവ് സ്വന്തമാക്കുകയായിരുന്നു. സ്‌കോർ 6-3, 7-6 (7-2), 5-7, 6-2.
സ്വരേവിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുങ്ങിയത്. 40 മിനിട്ട് നീണ്ട ആദ്യ സെറ്റിൽ 3-2ന് മുന്നിട്ടുനിന്ന ശേഷം എതിരാളിയുടെ സർവ് ബ്രേക്ക് ചെയ്ത് 6-3ന് സ്വരേവ് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഷെൽട്ടൺ ശക്തമായ വെല്ലുവിളി ഉയർത്തി. 6-6ന് തുല്യനിലയിലെത്തിയതോടെ ടൈബ്രേക്കർ വേണ്ടിവന്നു. പക്ഷേ ടൈബ്രേക്കറിൽ പരിചയസമ്പത്ത് സ്വരേവിന് തുണയായി 7-2നാണ് സ്വരേവ് ടൈബ്രേക്കർ ജയിച്ചുകയറിയത്.
മൂന്നാം സെറ്റിലാണ് സ്വരേവിന്റെ പ്രഭയ്ക്ക് അൽപ്പം മങ്ങലേറ്റത്. ഇഞ്ചോടിഞ്ച് പൊരുതിയ ഷെൽട്ടൺ സെറ്റ് 4-4എന്ന നിലയിലെത്തിച്ചു. അടുത്തഗെയിമിലെ പിഴവുകൾ ഷെൽട്ടനെ 5-4ന് മുന്നിലെത്തിച്ചു. 5-5ന് സമനിലയാക്കി തിരിച്ചടിക്കാൻ സ്വരേവ് ശ്രമിച്ചെങ്കിലും 7-5ന് ഈ സെറ്റ് ഷെൽട്ടൺ നേടിയതോടെ കളി നാലാം സെറ്റിലേക്ക് നീണ്ടു. നാലാം സെറ്റിന്റെ തുടക്കത്തിൽ സ്വരേവിന് 2-0ത്തിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ 2-2ലെത്തിച്ച് ഷെൽട്ടൺ വെല്ലുവിളി ഉയർത്തിയെങ്കിലും അവിടുന്നങ്ങോട്ട് സ്വരേവിന്റെ ഒരു കുതിപ്പായിരുന്നു. തുടർച്ചയായി പോയിന്റുകൾ നേടി 6-2നാണ് സ്വരേവ് സെറ്റ് സ്വന്തമാക്കി കിരീടത്തിലെത്തിയത്.
ഈ സീസണിലെ നാലുഗ്രാൻസ്‌ളാം ടൂർണമെന്റുകളിൽ മൂന്നിലും ഫൈനലിൽ കളിച്ച താരമാണ് അലക്‌സാണ്ടർ സ്വരേവ്. ഇതിൽ രണ്ടെണ്ണത്തിൽ കിരീടം നേടുകയും ചെയ്തു. ഫ്രഞ്ച് ഓപ്പണിൽ ഫ്‌ളാവിയോ കോബോളിയെ കീഴടക്കിയായിരുന്നു 29കാരനായ സ്വരേവിന്റെ കരിയറിലെ ആദ്യ ഗ്രാൻസ്‌ളാം കിരീടം. പിന്നാലെ വിംബിൾഡണിന്റെ ഫൈനലിലെത്തിയെങ്കിലും അവിടെ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറിനോട് തോറ്റു. അതിന് ശേഷമാണ് യു.എസ് ഓപ്പണിലെ കിരീടനേട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
