മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

SEPTEMBER 14, 2026, 4:16 AM

199-ാമത് മാഞ്ചസ്റ്റർ ഡെർബിയിൽ ഭൂരിഭാഗം സമയവും പത്ത് പേരുമായി കളിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശകരമായ ജയം (1-0). നോർവെ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ വീഴ്ത്താൻ സിറ്റിയെ സഹായിച്ചത്. ഇരുപത്തിമൂന്നാം മിനുട്ടിൽ ഫിൽ ഫോഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് ശേഷം പ്രതിരോധത്തിലേക്ക് പൂർണമായും വലിഞ്ഞ മാഞ്ചസ്റ്റർ സിറ്റി അവസരം കിട്ടിയപ്പോൾ വല കുലുക്കി. സ്‌റ്റോപ്പേജ് ടൈമിൽ ക്ലോസ് ഷോട്ട് തടഞ്ഞ് സിറ്റി ഗോളി ഡൊന്നാറുമ്മയും യുണൈറ്റഡിനെ നിരാശപ്പെടുത്തി.

പ്രീമിയർ ലീഗ് ടേബിളിൽ നാല് മത്സരങ്ങളിൽ എല്ലാ കളിയും ജയിച്ച് 12 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും മുൻനിരയിൽ തുടരുന്നു. ഗോൾശരാശരിയിൽ മുന്നിലുള്ള ആഴ്‌സണൽ ഒന്നാംസ്ഥാനത്തും സിറ്റി രണ്ടാം സ്ഥാനത്തുമാണ്. നാല് കളികളിൽ നാല് പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പതിമൂന്നാം സ്ഥാനത്താണ്. നാല് മത്സരം പൂർത്തിയാക്കിയ ചെൽസി ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തും ആറ് പോയിന്റുമായി ലിവർപൂൾ ഏഴാം സ്ഥാനത്തുമാണ്.

പത്ത് പേരുമായി എഴുപത് മിനുട്ടിലേറെ നേരം കളിച്ച മാഞ്ചസ്റ്റർ സിറ്റിയെ പരീക്ഷിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചില്ല. രണ്ട് തവണ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് മാത്രമാണ് യുണൈറ്റഡിന് എടുത്തുപറയാനുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ എൻസോയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു. സ്‌റ്റോപ്പേജ് ടൈമിൽ സമനില നേടാൻ യുണൈറ്റഡിന് സുവർണാവസരം ലഭിച്ചു. ബ്രയാൻ എംബൗമോയ്ക്ക് ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചു. പക്ഷേ, സിറ്റി ഗോളി ഡൊന്നാരുമ്മയുടെ അവസരോചിതമായ സേവ് ആതിഥേയർക്ക് ആശ്വാസ സമനില പോലും നിഷേധിച്ചു. ഈ തോൽവിയോടെ, കോച്ച് മൈക്കൽ കാരിക്കിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഭാവി ഇരുളിലായി. പത്ത് പേരുമായി കളിച്ച ടീമിനോട് തോൽക്കേണ്ടി വന്നത്, അതും ചിരവൈരികളുടെ പോരിൽ സംഭവിച്ചത് നാണക്കേടാണ്. കാരിക്ക് ഈ തോൽവിക്ക് മറുപടി പറയേണ്ടിവരും.

vachakam
vachakam
vachakam

ഹാലൻഡിന് ഡെർബി റെക്കോർഡ്

60-ാം മിനുട്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വലയിൽ പന്തെത്തിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. മാഞ്ചസ്റ്റർ ഡെർബിയിൽ എട്ടാം ഗോൾ കണ്ടെത്തിയ നോർവെ സ്‌ട്രൈക്കർ മാഞ്ചസ്റ്റർ പോരിലെ എക്കാലത്തേയും ടോപ് സ്‌കോററായി. ഏഴ് ഗോളുകളുമായി മുൻ സിറ്റി താരം സെർജിയോ അഗ്യുറോയും മുൻ യുണൈറ്റഡ് താരം വെയിൻ റൂണിയുമാണ് രണ്ടാം സ്ഥാനത്ത്. റൂണി 21 മത്സരങ്ങളിൽ നിന്നാണ് ഏഴ് ഗോളുകൾ നേടിയതെങ്കിൽ അഗ്യുറോയുടേത് പതിമൂന്ന് മത്സരങ്ങളിൽ നിന്നായിരുന്നു. ഹാലൻഡ് എട്ട് മത്സരങ്ങളിൽ നിന്നാണ് എട്ട് ഗോളുകൾ നേടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam