ആദ്യ സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 5-1ന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്.
പെനാൽറ്റി കോർണറിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ ഡ്രാഗ്ഫ്‌ലിക് സ്‌പെഷ്യലിസ്റ്റ് സുപ്രിയയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 13-ാം മിനിറ്റിൽ മധു സിദാറിലൂടെ ഇന്ത്യ ലീഡ് നേടി. നാല് മിനിറ്റിന്
പിന്നാലെ സുപ്രിയയുടെ പെനാൽറ്റി കോർണർ ഗോളിലൂടെ ഇന്ത്യ ലീഡ് 2-0 ആക്കി.
തുടർച്ചയായി ആക്രമണം നടത്തിയ ഇന്ത്യ 21-ാം മിനിറ്റിൽ മൂന്നാം ഗോളും കണ്ടെത്തി. കൊറിയൻ 23 മീറ്റർ മേഖലയിലേക്ക് എത്തിയ പന്തിൽ നിന്ന് ലഭിച്ച അവസരം സുഖ്വീർ കൗർ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി 3-0 എന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്. രണ്ടാം പകുതി ആരംഭിച്ചും ഇന്ത്യ ആക്രമണം തുടർന്നു. 33-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ സുപ്രിയ കൃത്യമായി വലയിലെത്തിച്ചതോടെ ഇന്ത്യ 4-0ന് മുന്നിലെത്തി.
41-ാം മിനിറ്റിൽ യൂരി ജിയോങിലൂടെ ദക്ഷിണ കൊറിയ ഒരു ഗോൾ തിരിച്ചടിച്ചു. ഇതോടെ സ്‌കോർ 4-1 ആയെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തെ മറികടന്ന് തിരിച്ചുവരാൻ കൊറിയയ്ക്ക് സാധിച്ചില്ല. 56-ാം മിനിറ്റിൽ ഇന്ത്യയ്ക്ക് വീണ്ടും പെനാൽറ്റി കോർണർ ലഭിച്ചു. അവസരം മുതലെടുത്ത സുപ്രിയ മൂന്നാമത്തെ ഗോളും നേടി ഹാട്രിക്ക് പൂർത്തിയാക്കി.
ഇതോടെ ഇന്ത്യ 5-1ന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ജൂനിയർ ഏഷ്യാ കപ്പ് കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് വിജയം കൂടുതൽ കരുത്തേകി. രണ്ടാം സെമിഫൈനലിൽ ആതിഥേയരായ ചൈനയും ജപ്പാനും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
