ചെന്നൈ: ഐ.പി.എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിന്റെ 15 മുതൽ 20 ശതമാനം വരെ വലിയ ഓഹരി പങ്കാളിത്തം സ്വന്തമാക്കാൻ മുൻ നായകൻ എം.എസ്. ധോണി ശ്രമിച്ചുവെന്ന വാർത്തകൾ തള്ളി ടീം മാനേജ്‌മെന്റ്.
അത്തരം യാതൊരു നിർദ്ദേശവും ധോണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സി.എസ്.കെ വ്യക്തമാക്കി. എന്നാൽ സ്വകാര്യ വിപണിയിലൂടെ (Off-Market) വാങ്ങിയ ചെറിയൊരു വിഹിതം ഓഹരികൾ നിലവിൽ ധോണിയുടെ പക്കലുണ്ടെന്ന് ടീം ഉറപ്പിച്ചു.
ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മുൻപ് സ്വകാര്യ ട്രാൻസാക്ഷൻ വഴി സ്വന്തമാക്കിയ ഒരു ലക്ഷത്തിലധികം ഓഹരികൾ ധോണിയുടെ കൈവശമുണ്ട്.. ഇത് ഫ്രാഞ്ചൈസിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 0.01 മുതൽ 0.02 ശതമാനം വരെ മാത്രമാണ് വരുന്നത്.
നിലവിലെ വിപണി മൂല്യമനുസരിച്ച് ഇതിന് 2.6 കോടി മുതൽ 3 കോടി രൂപ വരെ മാത്രമാണ് വിലമതിപ്പ്. സി.എസ്.കെയുടെ 55 ശതമാനത്തിലധികം ഓഹരികളും എൻ. ശ്രീനിവാസന്റെ കുടുംബത്തിന്റെ കയ്യിലാണ്.
ഓഹരി പങ്കാളിത്തം വളരെ കുറവാണെങ്കിലും സി.എസ്.കെയുടെ നിർണ്ണായക തീരുമാനങ്ങളിൽ ഇപ്പോഴും ധോണിയുടെ സാന്നിധ്യം ശക്തമാണ്. മുൻ കോച്ച് സ്റ്റീഫൻ ഫ്ലെമിങ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പുതിയ പരിശീലകനെ കണ്ടെത്തുന്നതിലും മെഗാ ലേലത്തിന് മുന്നോടിയായുള്ള തന്ത്രങ്ങൾ മെനയുന്നതിലും ധോണി സജീവമായി ഇടപെടുന്നുണ്ട്. വരാനിരിക്കുന്ന പുതിയ സീസണിൽ നായകൻ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ധോണി എങ്ങനെ ടീമിനെ നയിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
