തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയയൻ യുഡിഎഫ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
465 മെഗാവാട്ടിന്റെ ദീർഘകാല പവർ പർച്ചേസ് കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫിന്റെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. '2015 ൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറിലെ നിയമപ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചത്. അന്നത്തെ റഗുലേറ്ററി കമ്മീഷനാവട്ടെ യുഡിഎഫ് കാലത്ത് നിയമിക്കപ്പെട്ടതുമാണ്. യുഡിഎഫ് കാലത്ത് ഏർപ്പെട്ട കരാറിൻ്റെ നിയമപരമായ ന്യൂനതയാണ് അത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിലേക്ക് കമ്മീഷനെ എത്തിച്ച'തെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആ കരാർ പ്രകാരമുള്ള വൈദ്യുതി നഷ്ടമാവാതിരിക്കാനാണ് ഇടപെട്ടതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നുണ്ട്. 'സർക്കാരിൻ്റെ പ്രത്യേക അധികാരമുപയോഗിച്ച് കരാർ പുനഃസ്ഥാപിക്കാൻ നയപരമായ തീരുമാനമെടുത്തതിനെ തുടർന്ന് താൽക്കാലികമായി വൈദ്യുതി വാങ്ങാൻ മാത്രമാണ് അനുമതി ലഭിച്ചത്. അതോടൊപ്പം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും ഡീവിയേഷൻ കെഎസ്ഇബി പരിശോധിച്ച് സമർപ്പിക്കാൻ നിർദ്ദേശിച്ച സമയത്ത് അന്നത്തെ ബോർഡ് ചെയർമാനും, ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ ഡോ. ബി അശോക് കെഎസ്ഇബിസി എം ഡി ആയ കാലത്ത് കരാർ വൈദ്യുതി ബോർഡിന് നഷ്ടം വരുത്തുമെന്ന നിലപാടാണ് സ്വീകരിച്ചത്. തീർത്തും ഉദ്യോഗസ്ഥ- റഗുലേറ്ററി കമ്മീഷൻ തലത്തിലാണ് കരാർ വേണ്ടെന്ന് വെച്ചത് എന്ന് ചുരുക്കം. എൽഡിഎഫ് ഈ കരാർ നയപരമായി തുടരാനല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ലെന്നും' പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
അപ്പലറ്റ് ട്രൈബ്യൂണൽ വിധിയെ തുടർന്ന് കരാർ ഇല്ലാതായപ്പോൾ സംസ്ഥാനത്തിന്റെ പൊതുതാൽപര്യം മുൻനിർത്തി ആ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ വരെ സമീപിച്ച് പോരാടുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. 'ആ നിയമപോരാട്ടത്തിൽ അന്തിമ തീർപ്പും വന്നിട്ടില്ല. യുഡിഎഫ് കാലത്ത് കൃത്യമായ മാനദണ്ഡം പാലിച്ച് ദീർഘകാല കരാറിൽ ഏർപ്പെട്ടിരുന്നുവെങ്കിൽ ഈ പ്രതിസന്ധി പോലും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുത. അതു മറച്ചുപിടിച്ചാണ് യുഡിഎഫ് സർക്കാരിന്റെ വാചകക്കസർത്തുകൾ. 2023 ലാണ് ഈ കരാറിന് റെഗുലേറ്ററി കമ്മീഷൻ അന്തിമമായി അനുമതി നിഷേധിച്ചത്. അതിനുശേഷം മൂന്ന് വർഷം കടന്നുപോയി. ഇതിനിടയിൽ ഇന്നത്തേക്കാൾ രൂക്ഷമായ എൽനിനോയും കടുത്ത മഴക്കുറവും സംസ്ഥാനം നേരിട്ടിരുന്നു. എന്നിട്ടും അന്നത്തെ എൽഡിഎഫ് സർക്കാർ പവർ കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പവർകട്ട് ഒഴിവാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. മിച്ച വൈദ്യുതിയുള്ള സംസ്ഥാനങ്ങളുമായി സംസാരിച്ചും സ്വാപ്പിംഗ് കരാറുകൾ ഉണ്ടാക്കിയുമാണ് പ്രതിസന്ധി മറികടന്ന'തെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
