കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീലിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.
ശിക്ഷ മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യത്തിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. ഹര്‍ജിയിൽ പ്രോസിക്യൂഷന് എതിര്‍പ്പ് അറിയിക്കാൻ രണ്ട് ദിവസത്തെ സമയം അനുവദിച്ച് ജസ്റ്റീസ് എ ബദറുദ്ധീൻ ഉത്തരവിട്ടു. കേസ് ഇനി 24 ന് പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിജിലൻസ് കോടതി ടോമിൻ തച്ചങ്കരിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാല് വർഷത്തെ തടവുശിക്ഷയും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഇടക്കാല ഹർജിയിൽ ഹൈക്കോടതി തീരുമാനമെടുക്കും. കോട്ടയം വിജിലൻസ് കോടതി 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിധിക്ക് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ കേസ്. വിവിധ വിജിലൻസ് കോടതികളിലായി തുടര്‍ന്ന കേസ് 2020-ലാണ് കോട്ടയം വിജിലൻസ് കോടതിയുടെ പരിഗണനയിൽ എത്തുന്നത്.
അന്വേഷണത്തിൽ ഏകദേശം 64.70 ലക്ഷം രൂപയുടെ സ്വത്ത് തച്ചങ്കരിയുടെ അറിയപ്പെടുന്ന വരുമാനത്തെക്കാൾ അധികമാണെന്നും ഇത് അറിയപ്പെടുന്ന വരുമാനത്തിന്റെ 135 ശതമാനത്തിലധികം വരുമെന്നും വിജിലൻസ് കണ്ടെത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അധിക സ്വത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം ആരോപിച്ചു. തച്ചങ്കരിയുടെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്ന് 2013ലാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
