വാഷിംഗ്ടണ്‍: പഴയകാല ഓര്‍മ്മകളുടെ പിന്‍ബലത്തില്‍ അമേരിക്കന്‍ പ്രമുഖ കളിപ്പാട്ട വിപണന ശൃംഖലയായ 'ടോയ്‌സ് ആര്‍ അസ്' (Toys 'R' Us) വന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് പാപ്പരത്തം പ്രഖ്യാപിച്ച് എണ്ണൂറിലധികം സ്റ്റോറുകള്‍ അടച്ചുപൂട്ടി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്പനി വീണ്ടും സജീവമാകുന്നത്. വരുന്ന അവധിക്കാല വിപണി ലക്ഷ്യമിട്ട് അമേരിക്കയിലുടനീളം 120 പുതിയ സ്റ്റോറുകള്‍ തുറക്കാനാണ് നിലവിലെ മാനേജ്മെന്റായ ഡബ്ല്യൂ.എച്ച്.പി ഗ്ലോബല്‍ പദ്ധതിയിടുന്നത്. ഇതോടെ രാജ്യത്തെ ആകെ സ്റ്റോറുകളുടെ എണ്ണം 160 ആയി ഉയരും.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളെ മാത്രമല്ല, കളക്ടബിളുകളിലും ഗെയിമുകളിലും താല്പര്യമുള്ള മുതിര്‍ന്ന ഉപയോക്താക്കളെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ തുടക്കം. വിപണി നിരീക്ഷണ സ്ഥാപനമായ സിര്‍ക്കാനയുടെ കണക്കുകള്‍ പ്രകാരം 2026 ന്റെ ആദ്യ പകുതിയില്‍ അമേരിക്കയില്‍ കളിപ്പാട്ട വില്‍പനയില്‍ 17 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇതില്‍ മുതിര്‍ന്നവര്‍ക്കായി വാങ്ങിയ കളിപ്പാട്ടങ്ങളുടെ വില്‍പനയില്‍ മാത്രം 25 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ലെഗോ സെറ്റുകള്‍, ട്രേഡിംഗ് കാര്‍ഡുകള്‍, ആക്ഷന്‍ ഫിഗറുകള്‍ എന്നിവ വാങ്ങുന്ന മുതിര്‍ന്നവരുടെ എണ്ണം വന്‍തോതില്‍ കൂടിയതാണ് ഈ മാറ്റത്തിന് കാരണം.
ഉപയോക്താക്കള്‍ക്ക് കേവലം സാധനങ്ങള്‍ വാങ്ങുന്ന ഇടം എന്നതിലുപരി മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്ന രീതിയിലാണ് പുതിയ സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ഡിജിറ്റല്‍ ക്രിയേറ്റര്‍മാര്‍ക്കും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും വീഡിയോകള്‍ ചിത്രീകരിക്കാനും സാധിക്കുന്ന ക്രിയേറ്റര്‍ സ്റ്റുഡിയോകള്‍ ചില സ്റ്റോറുകളില്‍ സജ്ജീകരിക്കും. ഇത്തരം തത്സമയ പരിപാടികളിലൂടെ ഉപയോക്താക്കളെ നേരിട്ടും സോഷ്യല്‍ മീഡിയ വഴി ഓണ്‍ലൈനായും കടകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
എന്നാല്‍ പണ്ടത്തെപ്പോലെ കൂറ്റന്‍ ഷോറൂമുകള്‍ക്ക് പകരം വലിപ്പം കുറഞ്ഞ, കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന പോപ്പ്-അപ്പ് രീതിയിലുള്ള സ്റ്റോറുകളായിരിക്കും ഇവയെന്ന് മുന്‍ സി.ഇ.ഒ ജെറാള്‍ഡ് സ്റ്റോര്‍ച്ച് വ്യക്തമാക്കുന്നു. 2005 ല്‍ വലിയ തുക കടമെടുത്ത് നടത്തിയ ഉടമസ്ഥാവകാശ മാറ്റമാണ് 2017 ഓടെ കമ്പനിയെ അയ്യായിരം മില്യണ്‍ ഡോളറിലധികം കടബാധ്യതയിലേക്കും അടച്ചുപൂട്ടലിലേക്കും നയിച്ചത്. അതിനാല്‍ പുതിയ വിപണി സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാണ് ബ്രാന്‍ഡിന്റെ മടങ്ങിവരവ്.
അതേസമയം ഓണ്‍ലൈന്‍ ഭീമന്മാരായ ആമസോണ്‍, വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് തുടങ്ങിയ വന്‍കിട ശൃംഖലകളില്‍ നിന്നുള്ള ശകത്മായ മത്സരത്തെ മറികടക്കുക എന്നത് കമ്പനിക്ക് വലിയ വെല്ലുവിളിയാകും. വിലക്കുറവിനും എളുപ്പത്തില്‍ സാധനങ്ങള്‍ ലഭിക്കുന്നതിനുമായി ഭൂരിഭാഗം മാതാപിതാക്കളും ഇപ്പോഴും ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍, നൊസ്റ്റാള്‍ജിയയ്ക്ക് അപ്പുറം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക അനുഭവങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അവധിക്കാലത്തെ വില്‍പന വിലയിരുത്തിയ ശേഷമായിരിക്കും 2027 ലും ഈ സ്റ്റോറുകളില്‍ എത്രയെണ്ണം തുടര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കമ്പനി തീരുമാനിക്കുക.
English summary
Nine years after filing for bankruptcy and closing over 800 stores, Toys “R” Us is making a holiday comeback by opening 120 smaller, modernized locations across the U.S., leveraging strong brand nostalgia alongside a growing "kidult" market. Driven by a 25% surge in adult toy purchases for items like LEGO sets and collectibles, as well as a 17% overall rise in toy sales, the retailer is shifting its strategy toward pop-up-style stores and interactive "Creator Studios" for social media-friendly product launches. While this expansion brings its physical presence to 160 standalone locations, Toys “R” Us must still overcome stiff competition from retail giants like Amazon, Walmart, and Target, with plans to evaluate store performance heading into 2027.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
