വാഷിംഗ്‌ടൺ : പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് താത്കാലികമായി റദ്ദാക്കിക്കൊണ്ട് യു.എസ് ഫെഡറൽ കോടതി ഉത്തരവിട്ടു. സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ പ്രവേശന അനുമതി ഉടനടി പുനഃസ്ഥാപിക്കാനാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി തിമോത്തി കെല്ലി ഉത്തരവിട്ടത്.
മാധ്യമപ്രവർത്തകരെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പതിനാല് ദിവസത്തെ താത്കാലിക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയാണ് മൂന്ന് പ്രധാന മാധ്യമ ഏജൻസികൾക്കും വൈറ്റ് ഹൗസിലേക്ക് വിലക്കേർപ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഭരണകൂടത്തിനും ട്രംപിനുമെതിരെ നിരന്തരം തെറ്റായ വിവരങ്ങളും നെഗറ്റീവ് വാർത്തകളും നൽകുന്നുവെന്നതായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം.
എന്നാൽ ഇത് ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും, തങ്ങൾക്കെതിരായ മാധ്യമ റിപ്പോർട്ടിങ്ങിനോടുള്ള പ്രതികാര നടപടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമ സ്ഥാപനങ്ങൾ നിയമപോരാട്ടത്തിലേക്ക് കടന്നത്. ദേശീയ സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന വൈറ്റ് ഹൗസിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.
കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്ക് ശേഷവും ജീവനക്കാർക്ക് വൈറ്റ് ഹൗസ് വളപ്പിലേക്ക് പ്രവേശനം നിഷേധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാധ്യമസ്വാതന്ത്ര്യം, ഭരണഘടനാപരമായ അവകാശങ്ങൾ, നിയമവാഴ്ച എന്നിവയുടെ വിജയമാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മാധ്യമ സ്ഥാപനങ്ങളുടെ അഭിഭാഷകൻ പ്രതികരിച്ചു. അതേസമയം, കേസിൽ തനിക്കെതിരെ വിധി പ്രസ്താവിച്ച ജഡ്ജിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
