പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ തനിക്ക് തെറ്റ് പറ്റി: രോഹിത്ശർമ്മ

OCTOBER 18, 2024, 2:35 PM

ന്യൂസിലൻഡിനെതിരായ ബംഗ്‌ളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 46 റൺസിന് ഓൾ ഔട്ടായതിന് പിന്നാലെ തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞ് ക്യാപ്ടൻ രോഹിത് ശർമ. രണ്ടാം ദിവസത്തെ കളിക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് രോഹിത് സമ്മതിച്ചത്.

ബംഗ്‌ളൂരു ടെസ്റ്റിൽ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിട്ടും നിർണായക ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കിവീസ് പേസർമാർ ഇന്ത്യയെ 46 റൺസിന് പുറത്താക്കി ആധിപത്യം നേടുകയും ചെയ്തു. പിന്നീട് ന്യൂസിലൻഡ് ബാറ്റ് ചെയ്യാനെത്തിയപ്പോഴേക്കും വെയിൽ വന്ന് സാഹചര്യം മെച്ചപ്പെട്ടതോടെ ബാറ്റിംഗ് എളുപ്പമായി. ആദ്യ രണ്ട് ദിവസങ്ങളിൽ പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്നും പിന്നീട് സ്പിന്നർമാരെ തുണക്കുമെന്നുമാണ് താൻ മനസിലാക്കിയതെന്ന് വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

ഇന്ന് ഇന്ത്യയെ സംബന്ധിച്ച് മോശം ദിവസമായിരുന്നു. ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കും. ഇന്ത്യയിൽ കളിക്കുമ്പോൾ ആദ്യ സെഷൻ എല്ലായ്‌പ്പോഴും നിർണായകമാണ്. ബംഗ്‌ളൂരു പിച്ചിൽ കാര്യമായ പുല്ല് ഇല്ലാത്തതിനാലാണ് മൂന്ന് സ്പിന്നർമാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. പിച്ച് കുറച്ചു കൂടി ഫ്‌ളാറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ മറിച്ചാണ് സംഭവിച്ചത്. എന്റെ ഭാഗത്തു നിന്ന് പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതിൽ പിഴവ് പറ്റി. അതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. അതുപോലെ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്തത് എന്റെ തീരുമാനമായിരുന്നു. അതും പിഴച്ചു. ക്യാപ്ടനെന്ന നിലയിൽ അതെന്നെ വേദനിപ്പിക്കുന്നുണ്ട്. പക്ഷെ 365 ദിവസത്തിൽ രണ്ടോ മൂന്നോ തീരുമാനങ്ങൾ പിഴക്കുന്നത് അംഗീകരിക്കാവുന്നതാണെന്നാണ് ഞാൻ കരുതുന്നത്.

vachakam
vachakam
vachakam

ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് പരമാവധി കുറക്കാനാണ് മൂന്നാം ദിനം ഞങ്ങൾ ശ്രമിക്കുക. രണ്ടാം ഇന്നിംഗ്‌സിൽ മികച്ച പ്രകടനം നടത്തി തിരിച്ചുവരാൻ ശ്രമിക്കും. ക്യാച്ചുകൾ  കൈവിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് എല്ലാവർക്കും ഒരു മോശം ദിവസമുണ്ടാവില്ലെ, നിങ്ങൾക്ക് ഓഫീസിലും അതുപോലെ ചില മോശം ദിവസങ്ങൾ ഉണ്ടാവില്ലെ എന്നായിരുന്നു രോഹിത്തിന്റെ മറുപടി. ഒറ്റ ദിവസം കൊണ്ട് ഒന്നിനെയും വിധിക്കാനാവില്ല, ഇത് മത്സരമാണ്. ചിലപ്പോൾ നല്ല ദിവസവും മോശം ദിവസവും ഉണ്ടാകും.

കെ.എൽ. രാഹുലിനെ ആറാം നമ്പറിൽ ബാറ്റിംഗിനിറക്കിയതിനെ രോഹിത് ന്യായീകരിച്ചു. ലോക്കൽ ബോയ് ആണെന്നത് കൊണ്ട് നേരത്തെ ഇറക്കണമെന്നില്ല. ഇപ്പോഴാണ് രാഹുൽ ബാറ്റിംഗ് ഓർഡറിൽ ഒരു സ്ഥിരം സ്ഥാനം കണ്ടെത്തുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് തുടരാൻ അനുവദിച്ചത്. ഗില്ലിന്റെ അഭാവത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാമെന്ന് വിരാട് കോഹ്ലി തന്നെയാണ് പറഞ്ഞത്. വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ കളിക്കാർ മുന്നോട്ടുവരുന്നത് നല്ല സൂചനയാണ്.

സർഫറാസും ദീർഘകാലമായി നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്ന താരമാണ്. പന്തിന്റെയും രാഹുലിന്റെയും ബാറ്റിംഗ് പൊസിഷൻ മാറ്റാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് രാഹുൽ ആറാമനായി ക്രീസിലെത്തിയതെന്നും രോഹിത് പറഞ്ഞു.

vachakam
vachakam
vachakam

കിവീസിന്റെ ഉയരക്കാരൻ പേസർ വില്യം ഒറൂക്കെ ആണ് ഇന്ത്യക്ക് വെല്ലുവിളിയായതെന്ന ചോദ്യത്തിന് മാറ്റ് ഹെൻറിയല്ലെ അഞ്ച് വിക്കറ്റെടുത്തത്, ബൗളർമാരാകുമ്പോൾ വിക്കറ്റെടുക്കും, അതാണല്ലോ അവരുടെ പണി, ഇടം കൈയൻ പേസർക്കാണ് വിക്കറ്റെങ്കിൽ നിങ്ങൾ അത് പറയുമെന്നായിരുന്നു ചിരിച്ചുകൊണ്ട് രോഹിത്തിന്റെ മറുപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam