ലോക അത്ലറ്റിക്സിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ എന്ന പേരിനുടമായാണ് ഉസൈന്‍ ബോള്‍ട്ട്. എന്നാല്‍ പ്രായം തന്റെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് ബോള്‍ട്ട്.
ഇപ്പോള്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാറില്ലെന്നും പടികള്‍ കയറുമ്പോള്‍ പോലും തനിക്ക് കിതപ്പു വരുമെന്നുമാണ് താരം പറയുന്നത്. ഭൂരിഭാഗം സമയവും കുട്ടികള്‍ക്കൊപ്പം വീട്ടില്‍ തന്നെയാണ് ചിലവഴിക്കാറ്. നല്ല മാനസികാവസ്ഥയിലാണെങ്കില്‍ ചിലപ്പോള്‍ വ്യായാമം ചെയ്യും.
കുട്ടികള്‍ വീട്ടില്‍ വരുന്നത് വരെ ഞാന്‍ ചില സീരീസുകള്‍ കാണുകയും വിശ്രമിക്കുകയും ചെയ്യും. അവര്‍ എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങുന്നത് വരെ അവരുമായി കുറച്ച് സമയം ചെലവഴിക്കും. അല്ലെങ്കില്‍ ഇപ്പോള്‍ എനിക്ക് ലെഗോയില്‍ താല്‍പ്പര്യമുണ്ട്, അതിനാല്‍ ഞാന്‍ ലെഗോ കളിക്കും'- ബോള്‍ട്ട് ദ ഗാര്‍ഡിയനോട് പറഞ്ഞു.
39-ാം വയസ്സില്‍ ഒരു പടി കയറുന്നത് പോലും ഒരു വെല്ലുവിളിയായി മാറിയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 'ഞാന്‍ കൂടുതലും ജിം വര്‍ക്കൗട്ടുകളാണ് ചെയ്യുന്നത്. എനിക്കത് വലിയ താല്‍പര്യമില്ല, പടികള്‍ കയറുമ്പോള്‍ എനിക്ക് ശ്വാസം മുട്ടുന്നുണ്ട്. കുറച്ചു നാള്‍ മാറിനിന്നതുകൊണ്ടാണിത്. ഓടാന്‍ തുടങ്ങേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. കാരണം ഞാന്‍ വീണ്ടും പൂര്‍ണമായി ഇത് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ശ്വാസം നേരെയാക്കാന്‍ കുറച്ച് ലാപ്പുകള്‍ ഓടേണ്ടി വരും'- ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ട്രാക്കില്‍ നിന്ന് വിരമിച്ച് എട്ട് വര്‍ഷം പിന്നിട്ടിട്ടും ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡുകളുടെ അടുത്തെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എട്ട് ഒളിമ്പിക് സ്വര്‍ണ്ണ മെഡലുകളും 11 ലോക ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളും നേടിയ ബോള്‍ട്ട് 2017-ല്‍ സജീവ മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. 100 മീറ്റര്‍, 200 മീറ്റര്‍, 4x100 മീറ്റര്‍ റിലേ എന്നിവയില്‍ ലോക റെക്കോര്‍ഡുകളും ബോള്‍ട്ടിന് സ്വന്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്