വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ പുതിയ ബന്ധങ്ങളിലേക്ക് കടക്കുന്ന തമിഴ് നടന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജയം രവിയുടെ ഭാര്യ ആരതി രവി രംഗത്തെത്തി. ‘പുരുഷന്മാരാണ് ലോകത്തിലെ ഏറ്റവും വലിയ ഇരകൾ’ എന്ന രവിയുടെ വിവാദ പരാമർശം റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ആരതി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
തന്റെ പുതിയ പങ്കാളിയെന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ജയം രവിക്കെതിരെ വലിയ രീതിയിൽ സൈബർ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന് മറുപടിയായി രവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്: സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന ധാരണയാണുള്ളതെങ്കിലും യഥാർത്ഥത്തിൽ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ എന്നായിരുന്നു. “എന്നെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളുടേതായി വച്ചേക്കൂ” എന്നും അദ്ദേഹം കുറിച്ചിരുന്നു.
ഈ പ്രതികരണത്തെ പരിഹസിച്ചുകൊണ്ടാണ് ആരതി വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. വിവാഹമോചനം പൂർത്തിയാകുന്നതിന് മുമ്പ് താൻ മറ്റൊരു പുരുഷനൊപ്പം ഒരേപോലുള്ള വസ്ത്രം ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടാൽ സമൂഹം നിശബ്ദരായിരിക്കുമോയെന്ന ഒരു പോസ്റ്റ് ആണ് അവർ പങ്കുവച്ചത്. “അങ്ങനെയൊരു സാഹചര്യത്തിൽ സ്ത്രീകളാണ് ലോകത്തിലെ ഏറ്റവും വലിയ ഇരകൾ എന്ന് പറഞ്ഞാൽ ആരെങ്കിലും അത് അംഗീകരിക്കുമോ? ഇല്ല. അങ്ങനെയെങ്കിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന പുരുഷന്മാരെയും ചോദ്യം ചെയ്യണം” എന്നായിരുന്നു ആരതിയുടെ പ്രതികരണം.
പോസ്റ്റിന്റെ മറ്റൊരു ഭാഗത്ത് നടൻ വിജയ്യും നടി തൃഷ കൃഷ്ണനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവർ പരോക്ഷമായി പരാമർശിച്ചു. ചിലർ ഓടി രക്ഷപ്പെടുകയും ചിലർ രാഷ്ട്രീയക്കാരാകുകയും ചെയ്യുന്നു. എന്നാൽ കുടുംബത്തിനായി കഷ്ടപ്പെട്ട ഭാര്യമാരോടുള്ള കരുണ പോലും ഇവർക്കില്ലെന്നും ആരതി വിമർശിച്ചു.
15 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2024-ലാണ് ജയം രവിയും ആരതിയും ഡിവോഴ്സ് നടപടികൾ ആരംഭിക്കുന്നത്. തുടർന്ന് 2025-ൽ ഒരു വിവാഹ ചടങ്ങിൽ കെനിഷ ഫ്രാൻസിസിനൊപ്പം മാച്ചിംഗ് വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിരുന്നു. അതുപോലെ തന്നെ 27 വർഷത്തെ വിവാഹജീവിതത്തിന് ശേഷം വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഒരു വിവാഹ സൽക്കാരത്തിൽ തൃഷ കൃഷ്ണനൊപ്പം വിജയ് പ്രത്യക്ഷപ്പെട്ടതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
