സ്വിഫ്റ്റ് ടെലിസ്‌കോപ്പിനെ രക്ഷിക്കാന്‍ ആദ്യത്തെ റോബോട്ടിക് ബഹിരാകാശ ദൗത്യം ശനിയാഴ്ച; കൗണ്ട്ഡൗണ്‍ തുടങ്ങി

JUNE 23, 2026, 7:58 PM

വാഷിംഗ്ടണ്‍: ഭ്രമണപഥത്തില്‍ നിന്ന് താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന നാസയുടെ പ്രശസ്തമായ സ്വിഫ്റ്റ് ബഹിരാകാശ ദൂരദര്‍ശിനിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ചരിത്രപരമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു റോബോട്ടിക് റെസ്‌ക്യൂ മിഷന്‍ നടപ്പിലാക്കുന്നത്. നാസയും കാറ്റലിസ്റ്റ് സ്‌പേസ് എന്ന സ്വകാര്യ സ്റ്റാര്‍ട്ടപ്പും സംയുക്തമായാണ് ഈ ദൗത്യത്തിന് പിന്നില്‍.

തങ്ങള്‍ വികസിപ്പിച്ചെടുത്ത ലിങ്ക് എന്ന അത്യാധുനിക റോബോട്ടിക് ബഹിരാകാശ പേടകത്തെയാണ് സ്റ്റാര്‍ട്ടപ്പ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വരുന്ന ശനിയാഴ്ച സൗത്ത് പസഫിക്കിലെ ക്വാജാലെയ്ന്‍ അറ്റോളില്‍ (Kwajalein Atoll) നിന്നാണ് ദൗത്യത്തിന്റെ വിക്ഷേപണം. ലോക്ഹീഡ് L1011 ട്രൈസ്റ്റാര്‍ വിമാനത്തില്‍ നിന്ന് വായുവില്‍ വെച്ച് വിക്ഷേപിക്കുന്ന നോര്‍ത്രോപ് ഗ്രമ്മന്‍ പെഗാസസ് എക്‌സ്എല്‍ റോക്കറ്റിലാണ് ലിങ്ക് പേടകം ബഹിരാകാശത്തേക്ക് കുതിക്കുക.

എന്താണ് സ്വിഫ്റ്റ് ടെലിസ്‌കോപ്പിന് സംഭവിച്ചത്?

പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ പ്രകാശ വിസ്‌ഫോടനങ്ങളായ ഗാമാ-റേ ബേസ്റ്റുകളെ കുറിച്ച് പഠിക്കാന്‍ 2004 ലാണ് നാസ സ്വിഫ്റ്റ് ഒബ്‌സര്‍വേറ്ററി വിക്ഷേപിക്കുന്നത്. രണ്ട് വര്‍ഷത്തെ കാലാവധി മാത്രം നിശ്ചയിച്ചിരുന്ന ഈ ടെലിസ്‌കോപ്പ് കഴിഞ്ഞ 22 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഭൂമിയില്‍ നിന്ന് 370 മൈല്‍ ഉയരത്തിലായിരുന്നു ഇതിന്റെ യഥാര്‍ത്ഥ ഭ്രമണപഥം. എന്നാല്‍ അന്തരീക്ഷ ഘര്‍ഷണം കാരണം ഇതിന്റെ ഉയരം ഇപ്പോള്‍ 250 മൈലില്‍ താഴെയായി കുറഞ്ഞു.

സൂര്യനിലെ അപ്രതീക്ഷിത വ്യതിയാനങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ട് വികസിക്കാന്‍ കാരണമായതാണ് പേടകത്തിന്റെ വേഗത കുറച്ച് താഴേക്ക് വലിച്ചത്. സ്വന്തമായി പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഇല്ലാത്തതിനാല്‍ സ്വിഫ്റ്റിന് സ്വയം ഉയരം കൂട്ടാന്‍ സാധിക്കില്ല. ഒക്ടോബറോടെ ഇത് 300 കിലോമീറ്ററിലും താഴേക്ക് പതിച്ചാല്‍ പിന്നീട് രക്ഷപ്പെടുത്താനാകാത്ത വിധം അന്തരീക്ഷത്തില്‍ കത്തിയമരും. ഇതൊഴിവാക്കാന്‍ നാസ ഇപ്പോള്‍ ടെലിസ്‌കോപ്പിന്റെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ദൗത്യം വിജയകരമായാല്‍ സ്വിഫ്റ്റ് ടെലിസ്‌കോപ്പിന് 10 വര്‍ഷത്തെ ആയുസ്സ് കൂടി ലഭിക്കുമെന്നാണ് നാസ കണക്കുകൂട്ടുന്നത്. 30 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന ഈ ദൗത്യം ഭാവിയില്‍ കേടുപാടുകള്‍ സംഭവിക്കുന്ന ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് തന്നെ നന്നാക്കുന്നതിനും കാലാവധി നീട്ടുന്നതിനുമുള്ള പുതിയ വാതിലുകള്‍ തുറക്കും. എങ്കിലും ബഹിരാകാശ കാലാവസ്ഥയും പ്രായമേറിയ സ്വിഫ്റ്റ് പേടകത്തിന്റെ ഘടനയും ദൗത്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam