എഐ ലാബുകള്‍ സംരംഭങ്ങള്‍ക്ക് ഭീഷണി: മുന്നറിയിപ്പുമായി പാലന്റീര്‍ സിഇഒ അലക്‌സ് കാര്‍പ്പ്

AUGUST 4, 2026, 5:21 AM

വാഷിങ്ടണ്‍: വന്‍കിട കമ്പനികളുടെ നിര്‍മിതബുദ്ധി ഉപയോഗവും സാങ്കേതിക പങ്കാളിത്തവും ഭാവിയില്‍ വലിയ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ പാലന്റീറിന്റെ സിഇഒ അലക്സ് കാര്‍പ്. പ്രമുഖ എഐ ലാബുകളെയും കമ്പനികളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഓഹരി ഉടമകള്‍ക്കയച്ച കത്തിലൂടെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാര്‍ക്സിസ്റ്റ് സോഷ്യലിസത്തിന്റെ ഉദയത്തിന് വഴിവെച്ച മുതലാളിമാര്‍ക്ക് തുല്യരാണ് നിലവിലെ എഐ കമ്പനികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ തങ്ങളുടെ സാങ്കേതിക പങ്കാളികളില്‍ നിന്ന് ഉത്പാദന ഉപാധികളും നിര്‍ണായക വിവരങ്ങളും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കാര്‍പ്പ് ചൂണ്ടിക്കാട്ടുന്നു.

ഒരു ബിസിനസ് സ്ഥാപനം എഐ ഉപയോഗത്തിനായി പണം നല്‍കുമ്പോള്‍, സ്വന്തം സ്ഥാപനത്തിന്റെ രഹസ്യ വിവരങ്ങളും പ്രവര്‍ത്തന വൈദഗ്ധ്യവും വിജ്ഞാനവും കൂടിയാണ് എഐ മോഡലുകളിലേക്ക് കൈമാറുന്നത്. ഈ നിര്‍ണായക വിവരങ്ങള്‍ ഉപയോഗിച്ച് ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെ സമാനമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വികസിപ്പിക്കാനും, എതിരാളികളെ വിപണിയില്‍ സഹായിക്കാനും എഐ കമ്പനികള്‍ക്ക് സാധിക്കുന്നു. ഇത് വിപണിയിലെ മത്സരക്ഷമത ഇല്ലാതാക്കി, സോഷ്യലിസത്തിന് സമാനമായി എല്ലാ കമ്പനികള്‍ക്കും ഇടയില്‍ ഒരു തരം കൃത്രിമ തുല്യത സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ സൈന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സാങ്കേതിക പിന്തുണ നല്‍കുന്ന മുന്‍നിര പ്രതിരോധ സാങ്കേതിക സ്ഥാപനമാണ് പാലന്റീര്‍. യു.എസ് സൈന്യം ഉപയോഗിക്കുന്ന പ്രസിദ്ധമായ മേവന്‍ സ്മാര്‍ട്ട് സിസ്റ്റം അടക്കം വികസിപ്പിച്ചതില്‍ പാലന്റീറിന് പ്രധാന പങ്കുണ്ട്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന സൈനിക നീക്കങ്ങളില്‍ പാലന്റീറിന്റെ സാങ്കേതികവിദ്യ അമേരിക്കന്‍ സേന ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എഐ സാങ്കേതികവിദ്യയുടെ ആഗോള തരംഗം പാലന്റീറിന് വന്‍ സാമ്പത്തിക നേട്ടമാണ് നല്‍കിയത്. രണ്ടാം പാദത്തില്‍ കമ്പനി 1.9 ബില്യണ്‍ (190 കോടി) ഡോളര്‍ വരുമാനവും 1.1 ബില്യണ്‍ (110 കോടി) ഡോളര്‍ ലാഭവും നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 93 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

എഐ മോഡലുകളിലേക്ക് സ്ഥാപനങ്ങളുടെ സുപ്രധാന വിവരങ്ങള്‍ കൈമാറുന്നതില്‍ ജാഗ്രത വേണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാലന്റീര്‍ സിഇഒയും സമാനമായ ആശങ്ക ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. സാങ്കേതിക സ്ഥാപനങ്ങളുടെ എഐ ഉപയോഗവും വിവരസുരക്ഷയും വരുംദിവസങ്ങളില്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam