തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും തങ്ങളുടെ മൂത്ത മകൾ ക്ലിൻ കാരയെ ആരാധകർക്ക് പരിചയപ്പെടുത്തി. ജനിച്ചതുമുതൽ മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങളൊന്നും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. എന്നാൽ, മകളുടെ മൂന്നാം ജന്മദിനത്തോടനുബന്ധിച്ച് ആദ്യമായി ക്ലിൻ കാരയുടെ മുഖം വെളിപ്പെടുത്തുന്ന മനോഹരമായ കുടുംബചിത്രം താരദമ്പതികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
"ജന്മദിനാശംസകൾ ക്ലിൻ കാര, ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞേ" എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും ചിത്രം പങ്കുവെച്ചത്. സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരായ കാജൾ അഗർവാൾ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ നിരവധി സെലിബ്രിറ്റികളും ആരാധകരും ചിത്രത്തിന് താഴെ കുട്ടിക്ക് പിറന്നാളാശംസകൾ നേർന്നു. ഉപാസനയുടെ അമ്മ ശോഭനയും കൊച്ചുമകൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
2023 ജൂൺ 20-നായിരുന്നു രാം ചരൺ-ഉപാസന ദമ്പതികളുടെ ആദ്യ കൺമണിയായി ക്ലിൻ കാര ജനിച്ചത്. അടുത്തിടെ ഈ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ കൂടി ജനിച്ചിരുന്നു. ഒരാൺകുഞ്ഞും പെൺകുഞ്ഞുമടങ്ങുന്ന ഇരട്ടക്കുട്ടികൾക്ക് ശിവ് റാം, അൻവീര ദേവി എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഏ
താനും ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ മൂന്ന് മക്കളുടെയും കൈകൾ ചേർത്തുവെച്ചിരിക്കുന്ന ചിത്രം ഉപാസന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. "ഹൃദയം നിറഞ്ഞിരിക്കുന്നു" എന്നായിരുന്നു അന്ന് ആ ചിത്രത്തിന് ഉപാസന നൽകിയ അടിക്കുറിപ്പ്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ജൂണിലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം. കോളേജ് കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരും, എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 'മഗധീര' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് പ്രണയത്തിലാകുന്നത്. സിനിമയുടെ വിജയകരമായ റിലീസിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
