സ്വന്തം സ്ഥാപനമായ 'ഓ ബൈ ഓസി'യില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പെട്ട മുന്‍ ജീവനക്കാരി വിവാഹിതയായി തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതായി നടി ദിയ കൃഷ്ണ. കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് ജീവനക്കാരില്‍ ഒരാളായ ദിവ്യയുടെ വിവാഹത്തെക്കുറിച്ചും വിദേശയാത്രയെക്കുറിച്ചും യൂട്യൂബ് വ്‌ളോഗിലൂടെയാണ് ദിയ രൂക്ഷമായ പരിഹാസത്തോടും അമര്‍ഷത്തോടും കൂടെ പ്രതികരിച്ചത്. അമ്മ സിന്ധു കൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് ദിയ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
ലുലു മാളില്‍ വെച്ചാണ് പ്രതികളില്‍ ഒരാളായ ദിവ്യ വിവാഹം കഴിഞ്ഞ് തായ്ലന്‍ഡില്‍ കറങ്ങിനടക്കുന്ന വിവരം അറിയാന്‍ കഴിഞ്ഞതെന്ന് ദിയ പറഞ്ഞു. ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ പാസ്പോര്‍ട്ട് പൊലീസ് കണ്ടുകെട്ടാതിരുന്നതില്‍ ദിയ അമ്പരപ്പ് പ്രകടിപ്പിച്ചു. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ യാതൊരു ഭയവുമില്ലാതെ വിദേശത്ത് ആഡംബര ജീവിതം നയിക്കുന്നത് ഏറെ നിരാശാജനകമാണെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
'നിന്റെ കാശില്‍ ഒരാളുടെ കല്യാണം നടന്നില്ലേ എന്ന് വിചാരിച്ച് സന്തോഷിക്കാം' എന്ന് അമ്മ സിന്ധു കൃഷ്ണ തമാശയായി പറഞ്ഞപ്പോള്‍, 'എന്റെ കാശിന് കല്യാണം മാത്രമല്ല ഹണിമൂണും നടന്നു, ഇനി കുഞ്ഞുണ്ടായാല്‍ അതിന്റെ ഇരുപത്തിയെട്ടും എന്റെ വക; എന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ' എന്നായിരുന്നു ദിയയുടെ പരിഹാസ രൂപേണയുള്ള പ്രതികരണം.
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് സ്ഥാപനത്തിന്റെ ക്യുആര്‍ കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് 69 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 66 ലക്ഷത്തോളം രൂപ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ സ്വര്‍ണം വാങ്ങുകയും വിനോദയാത്രകള്‍ നടത്തുകയും ചെയ്തതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.
വീഡിയോ വൈറലായതോടെ, കഷ്ടപ്പെട്ടുണ്ടാക്കിയ പണമായതിനാല്‍ കേസില്‍ നിന്ന് പിന്നോക്കം പോകരുതെന്നും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ട് നിരവധി ആരാധകരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
