ഡച്ചസ് ഓഫ് സസക്സ് മേഗൻ മാർക്കിൾ വീണ്ടും ടെലിവിഷൻ ലോകത്തേക്ക് സജീവമായി തിരിച്ചെത്തുന്നു. ജനപ്രിയ റിയാലിറ്റി ഷോയായ 'ജൂനിയർ മാസ്റ്റർ ഷെഫ് ആസ്‌ട്രേലിയ'യുടെ പുതിയ സീസണിൽ സഹഅവതാരകയായാണ് മേഗൻ എത്തുന്നത്. പ്രശസ്ത ആസ്‌ട്രേലിയൻ ഷെഫും ടെലിവിഷൻ വ്യക്തിത്വവുമായ പോ ലിങ് യോവിനൊപ്പമായിരിക്കും മേഗൻ കുട്ടി പാചകക്കാരെ വിലയിരുത്തുക. മെൽബണിൽ നടക്കുന്ന ചിത്രീകരണത്തിനായി മേഗൻ ആഴ്ചകളോളം ആസ്‌ട്രേലിയയിൽ തങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഏപ്രിലിൽ പ്രിൻസ് ഹാരിയോടൊപ്പം നടത്തിയ ആസ്‌ട്രേലിയൻ സന്ദർശനത്തിനിടെ മേഗൻ'മാസ്റ്റർ ഷെഫ് ആസ്‌ട്രേലിയ'യിൽ അതിഥി വിധികർത്താവായി പങ്കെടുത്തത് വൻ ജനശ്രദ്ധ നേടിയിരുന്നു. തുടർന്ന് നിർമ്മാതാക്കളായ എൻഡെമോൾ ഷൈൻ ആസ്‌ട്രേലിയ ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയായിരുന്നു എന്ന് മേഗൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സ്വന്തം മക്കളായ ആർച്ചിയോടും ലിസബറ്റിനുമൊപ്പം പാചകം ചെയ്യുന്നത് ആസ്വദിക്കുന്ന തനിക്ക്, പുതിയ കുട്ടികളുടെ കഴിവുകൾ കാണാൻ ഏറെ ആവേശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മേഗന്റെ ആസ്‌ട്രേലിയയിലെ ചിത്രീകരണ വേളയിൽ ഭർത്താവ് പ്രിൻസ് ഹാരിയും മക്കളും ഒപ്പം പോയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മുൻപ് അമേരിക്കയിലായിരുന്ന കുടുംബം 2026 ഓഗസ്റ്റിലാണ് യുകെയിലേക്ക് താമസം മാറ്റിയത്. മുൻപ് നെറ്റ്ഫ്ലിക്സിലെ 'വിത്ത് ലവ്, മേഘൻ' എന്ന ലൈഫ്സ്റ്റൈൽ ഷോയിലൂടെ ശ്രദ്ധേയയായ മേഘന്റെ പുതിയ പ്രോജെക്ടിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
