താമസസ്ഥലത്തിന് സമീപമുള്ള ക്ഷേത്രത്തിൽ നിന്ന് അർദ്ധരാത്രിയിലും പാട്ട് വെക്കുന്നതിനെതിരെ ഹൈദരാബാദ് പോലീസിനെ സമീപിച്ച് തെലുങ്ക് നടൻ അല്ലു സിരീഷ്.
ഷെയ്ഖ്പേട്ടിലെ അപാർണ വൺ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് താരം താമസിക്കുന്നത്. വിനോബ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് പുലർച്ചെ 2, 3 മണി വരെ അനുവദനീയമായ അളവിലും കൂടുതൽ ശബ്ദത്തിൽ പാട്ട് വെക്കുന്നതാണ് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
വിഷയം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) അല്ലു സിരീഷ് ഹൈദരാബാദ് പോലീസിനെ ടാഗ് ചെയ്ത് പരാതിപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രശ്നം തുടരുകയാണെന്നും, വയോധികരും കുട്ടികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുൻപ് ഫിലിം നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും ഗണേശ നിമജ്ജന ആഘോഷങ്ങൾ പ്രമാണിച്ച് സെപ്റ്റംബർ 25 വരെ സഹകരിക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ആഘോഷങ്ങൾ കഴിഞ്ഞിട്ടും ഉച്ചഭാഷിണിയിലൂടെയുള്ള ശല്യം തുടരുകയാണെന്ന് താരം അറിയിച്ചു. തെളിവായി ഒരു വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഹൈദരാബാദ് സിറ്റി പോലീസ് വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഫിലിം നഗർ എസ്.എച്ച്.ഒയ്ക്ക് (SHO) നിർദ്ദേശം നൽകിയതായി മറുപടി നൽകി. പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദിന്റെ മകനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷ്, മോഹൻലാൽ നായകനായ '1971: ബിയോണ്ട് ബോർഡേഴ്സ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 'ബഡി' ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
