തിരുവനന്തപുരം: പെട്രോളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്. തിരുവനന്തപുരത്തും എറണാകുളത്തും
കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു. കര്‍ണാടകയിലെ ചില പമ്പില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനം വില്‍പന നടത്തിയതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേരളത്തിലും സര്‍ക്കാര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേര്‍ക്കലും മറ്റ് ക്രമക്കേടുകളും തടയാനുമാണു നടപടിയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പരിശോധനയില്‍ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് മൂന്നും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടു വീതവും പമ്പുകളിലാണു പരിശോധന നടന്നത്. പരിശോധന വൈകിട്ടു ആറുമണിവരെ തുടര്‍ന്നു. പമ്പിലെ സെയില്‍സ് മാനേജറുടെ സാന്നിധ്യത്തില്‍ നിയമപ്രകാരമുള്ള നടപടി പൂര്‍ത്തിയാക്കി ആറു സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് സാമ്പിള്‍ ശേഖരണവുമായി ബന്ധപ്പെട്ട മഹസര്‍ നടപടികളും പൂര്‍ത്തിയാക്കി. ഇന്ധന കമ്പനി പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ഒരോ പമ്പില്‍നിന്നും ഒരു ലിറ്റര്‍ വീതമുള്ള ആറു കാനുകളിലാണു സീല്‍ ചെയ്ത് സാമ്പിള്‍ ശേഖരിച്ചത്. ഇതില്‍ രണ്ടു കാനുകള്‍ റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളില്‍ നിശ്ചിത ഗുണനിലവാര പരിശോധനക്കായി നല്‍കും. രണ്ടുകാനുകള്‍ സിവില്‍ സപ്‌ളൈസ് ഓഫീസില്‍ സൂക്ഷിക്കും. രണ്ടെണ്ണം സുരക്ഷിത കസ്റ്റഡിയില്‍ സൂക്ഷിക്കാനായി പമ്പിന്റെ ലൈസന്‍സിയെ ഏല്‍പ്പിച്ചു.
എഥനോളിന്റെ അളവ് നിശ്ചിത പരിധിക്കുള്ളിലാണോ, ഇന്ധനം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും പരിശോധിക്കുന്നത്. പത്തുദിവസത്തിനകം ഫലം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ നിലവില്‍ പെട്രോളില്‍ അനുവദനീയമായതിലധികം എഥനോള്‍ കലര്‍ത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കര്‍ണാടകയില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണു പരിശോധന നടത്തുന്നതെന്നു മന്ത്രി അറിയിച്ചു.
2005 ലെ മോട്ടോര്‍ സ്പിരിറ്റ് ആന്‍ഡ് ഹൈസ്പീഡ് ഡീസല്‍ (റെഗുലേഷന്‍ ഓഫ് സപ്ലൈ, ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് മാല്‍പ്രാക്ടീസസ്) നിയമം എട്ടാം വകുപ്പിലെയും 2024 മേയ് മൂന്നിന് നിലവില്‍വന്ന ഭേദഗതിയിലെയും വ്യവസ്ഥകള്‍ അനുസരിച്ചാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.
പരിശോധനാ നടപടികളില്‍ ഓയില്‍ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. സാമ്പിള്‍ ശേഖരണത്തിനായി പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച പ്രത്യേക കുപ്പികളാണ് എത്തിച്ചത്. സാമ്പിളുകളുടെ ഗുണനിലവാരത്തില്‍ മാറ്റം വരാതെയും പരിശോധനാഫലത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയും ശേഖരണവും കൈമാറ്റവും നടത്തുന്നതിനാണു പ്രത്യേക ക്രമീകരണം.
സാമ്പിളുകള്‍ നിശ്ചിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകൃത ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ നിശ്ചയിച്ച പമ്പുകളില്‍ മാത്രമല്ല, ക്രമക്കേട് കണ്ടെത്തിയാല്‍, വിവിധ ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്താനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.
എറണാകുളത്ത് ചെമ്പുമുക്കിലും ഇരുമ്പനത്തുമുള്ള രണ്ടു പമ്പുകളിലും തിരുവനന്തപുരത്ത് വഴയിലയിലും കവടിയാറിലുമുള്ള പമ്പുകളിലുമായിരുന്നു പരിശോധന. കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനും സരോവരം പാര്‍ക്കിനും സമീപമുള്ള രണ്ടു പമ്പുകളിലുമാണു പരിശോധന നടത്തിയത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കണ്ണോത്തുംചാലിലും വാരത്തുമുള്ള രണ്ടു പമ്പുകളില്‍ പരിശോധന നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
