കൊച്ചി: വിവാഹിതയായ മകളാണെന്ന കാരണത്താൽ മാത്രം ആശ്രിത നിയമനത്തിനുള്ള അപേക്ഷ നിരസിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനത്തിനായി സമർപ്പിച്ച അപേക്ഷ തള്ളിയ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിവാഹിതയാണെന്നതും പിതാവിനെ സാമ്പത്തികമായി പൂർണ്ണമായും ആശ്രയിച്ചിരുന്നില്ലെന്നതുമായിരുന്നു അപേക്ഷ നിരസിക്കാൻ കമ്പനി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ 'ഡൈയിങ് ഇൻ ഹാർനെസ്' പദ്ധതിപ്രകാരം നിയമനം ആവശ്യപ്പെട്ട് തലശ്ശേരി സ്വദേശിനി ഷമല്യ ഉല്ലാസ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കമ്പനിയിൽ സബ് സ്റ്റാഫായി ജോലി ചെയ്തിരുന്ന പരേതനായ ഉല്ലാസ് കുമാർ എം.സിയുടെ മകളാണ് ഷമല്യ. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനത്തിനായി അപേക്ഷ നൽകിയെങ്കിലും വിവാഹിതയാണെന്നും പിതാവിനെ പൂർണ്ണമായും ആശ്രയിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനി അപേക്ഷ നിരസിക്കുകയായിരുന്നു.
തുടർന്ന് ഷമല്യയുടെ അമ്മയും പദ്ധതിപ്രകാരം ജോലിക്കായി അപേക്ഷ നൽകി. പിന്നീട് മകനായ ഷമല്യയുടെ സഹോദരനെ നിയമനത്തിനായി പരിഗണിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. സഹോദരന് കമ്പനി നിയമനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ജോലിയിൽ പ്രവേശിച്ചില്ലെന്ന് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ന്യൂസിലൻഡിൽ ജോലി ചെയ്ത് സാമ്പത്തികമായി സ്വയംപര്യാപ്തനായതിനാൽ നിയമനം സ്വീകരിക്കാൻ സഹോദരൻ താല്പര്യം കാണിച്ചില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. നിലവിൽ അമ്മയെ സംരക്ഷിക്കുന്നത് താനാണെന്ന് ഷമല്യ കോടതിയെ അറിയിച്ചു.
വിവാഹിതയായ മകളാണെന്ന കാരണത്താലും പിതാവിനെ പൂർണ്ണമായും ആശ്രയിച്ചിരുന്നില്ലെന്ന വാദത്തിന്റെ അടിസ്ഥാനത്തിലുമാണ് തന്റെ അപേക്ഷ നിരസിച്ചതെന്ന് ഷമല്യയുടെ അഭിഭാഷകൻ ടി.പി. സാജിദ് കോടതിയിൽ ചൂണ്ടിക്കാട്ടി. ആശ്രിത നിയമന പദ്ധതിയിൽ നിന്ന് വിവാഹിതരായ പെൺമക്കളെ ഒഴിവാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിവാഹിതയാണെന്ന കാരണത്താൽ മാത്രം മകൾക്ക് ആശ്രിത നിയമനത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നായിരുന്നു വാദം. സുപ്രീംകോടതിയുടെ സയാറ ഖാത്തൂൻ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ ഷമല്യയുടെ അപേക്ഷ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു;
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
