ബെംഗളൂരു: കടുത്ത മാനസിക-വളര്‍ച്ചാ വൈകല്യമുള്ള 23 വയസ്സുകാരിയായ യുവതിയുടെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കി. പ്രായമേറുന്ന മാതാപിതാക്കളുടെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദന്‍ ഉത്തരവിട്ടത്.
യുവതിയുടെ ശാരീരിക അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കോടതി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഈ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇപ്രകാരമാണ്, യുവതിക്ക് ജന്മനാ തന്നെയുള്ള ഗ്ലോബല്‍ ഡെവലപ്മെന്റല്‍ ഡിലെ, സെറിബ്രല്‍ പാള്‍സി, അപസ്മാരം എന്നിവയുണ്ടെന്ന് മനസിലാക്കിയത്. ശാരീരികമായി 23 വയസ്സുണ്ടെങ്കിലും, മാനസികവും സാമൂഹികവുമായ പ്രായം വെറും 5 വയസ്സും 4 മാസവും മാത്രമാണ്. ഐ.ക്യു 36 മാത്രമാണെന്നും 75 ശതമാനം സ്ഥിരമായ വൈകല്യമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി.
ആര്‍ത്തവ സമയത്ത് സ്വന്തമായി ശുചിത്വം പാലിക്കാന്‍ യുവതിക്ക് സാധിക്കാത്തതിനാല്‍ നിരന്തരമായ അണുബാധകളും പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു. തങ്ങള്‍ക്ക് പ്രായമേറി വരികയാണെന്നും ഇനി എത്രകാലം മകളെ ഇതുപോലെ പരിചരിക്കാന്‍ കഴിയുമെന്ന് ആശങ്കയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
യുവതിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കോടതി 'പാരന്‍സ് പേട്രിയേ' (വ്യക്തികള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ കോടതി രക്ഷിതാവായി മാറുന്ന നിയമതത്വം) അധികാരം ഉപയോഗിച്ച് ഈ ഉത്തരവിട്ടത്. രോഗിയുടെ ആരോഗ്യം, അന്തസ്സ്, സുരക്ഷ, ജീവിതനിലവാരം എന്നിവ മുന്‍നിര്‍ത്തി മാത്രമാണ് ഈ അനുമതിയെന്നും വൈകല്യമുണ്ട് എന്നതുകൊണ്ട് മാത്രം ആര്‍ക്കും ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ അനുവാദമില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ബെംഗളൂരുവിലെ വാണി വിലാസ് ആശുപത്രിയില്‍ വെച്ചായിരിക്കും ശസ്ത്രക്രിയ നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
