കൽക്കി കൃഷ്ണമൂർത്തിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന തമിഴ് ചലച്ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി നടൻ ആര്യ. ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ദളപതി വിജയ്, തെലുങ്ക് താരം മഹേഷ് ബാബു എന്നിവർക്കൊപ്പം തന്നെയും ഒരു പ്രധാന കഥാപാത്രമായി മണിരത്നം നിശ്ചയിച്ചിരുന്നതായി ആര്യ പറഞ്ഞു. കരിയറിൽ ചെയ്യാൻ കഴിയാതെ പോയ ചിത്രങ്ങളെക്കുറിച്ച് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പത്ത് വർഷങ്ങൾക്ക് മുൻപാണ് ഈ ആദ്യ കോമ്പിനേഷനിൽ സിനിമ ആസൂത്രണം ചെയ്തതെന്നും എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കൊണ്ടോ മറ്റ് കാരണങ്ങൾ കൊണ്ടോ ആ പ്രൊജക്റ്റ് അന്ന് മാറ്റിവെയ്ക്കപ്പെടുകയായിരുന്നു എന്നും താരം വ്യക്തമാക്കി. കൃത്യമായ കാരണം ഇപ്പോഴും അറിയില്ല.
പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് പൂർണ്ണമായും പുതിയൊരു താരനിരയെ വെച്ച് മണിരത്നം ഈ ചിത്രം രണ്ട് ഭാഗങ്ങളിലായി വലിയ വിജയമാക്കി മാറ്റിയത്. സിനിമയിലെ ഒരു കഥാപാത്രം വേണ്ടെന്ന് വെച്ചതിൽ പിന്നീട് ഖേദം തോന്നിയിട്ടില്ലെന്നും തന്റെ കഥാപാത്രങ്ങളിൽ താൻ പൂർണ്ണ സന്തുഷ്ടനാണെന്നും ആര്യ കൂട്ടിച്ചേർത്തു.
അതേസമയം, ആര്യ നായകനായി എത്തുന്ന പുതിയ മലയാള ചിത്രം 'അനന്തൻകാട്' റിലീസിന് ഒരുങ്ങുകയാണ്. 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
'മാർക്ക് ആന്റണി' എന്ന വൻ വിജയത്തിന് ശേഷം മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ്. 'കാന്താര'യിലൂടെ പ്രശസ്തനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അനന്തൻകാടിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
