സ്വന്തം സംസ്ഥാനമായ മണിപ്പൂരിലെ വംശീയ സംഘർഷങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ കടുത്ത മാനസിക വിഷമവും നിരാശയുമുണ്ടെന്ന് വെളിപ്പെടുത്തി ഒളിമ്പിക് വെങ്കല മെഡൽ ജേതാവും ലോക ബോക്സിങ് ചാമ്പ്യനുമായ മേരി കോം.
ബിഗ് ബോസ് 20-ാം സീസണിൽ സഹമത്സരാർത്ഥിയായ നടി കനിക മാന്നോട് സംസാരിക്കവേയാണ് താരം മനസ്സുതുറന്നത്. രാജ്യത്തിനായി നിരവധി അന്താരാഷ്ട്ര നേട്ടങ്ങൾ കൊയ്തെടുക്കാൻ സാധിച്ചെങ്കിലും, ജന്മനാടായ മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ തനിക്ക് യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും, അതോർക്കുമ്പോൾ നാണക്കേടും അപകർഷതാബോധവും തോന്നുതായും മേരി കോം വികാരഭരിതയായി പറഞ്ഞു.
"രാജ്യത്തിന് വേണ്ടി ഞാൻ ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ എന്റെ സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് സാധിച്ചില്ല. അത് ഓർക്കുമ്പോൾ വലിയ സങ്കടവും അപകർഷതാബോധവും തോന്നാറുണ്ട്. മണിപ്പൂരിന്റെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ അത്ര ശക്തയായ വ്യക്തിയൊന്നുമല്ല. മണിപ്പൂരിൽ നിരവധിയായ ഗോത്രവിഭാഗങ്ങളുണ്ട്, അവർക്കിടയിൽ ഒത്തൊരുമയും സ്നേഹവും സമാധാനവും ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം." -മേരി കോം പറഞ്ഞു.
രണ്ട് വർഷത്തിലേറെയായി മണിപ്പൂരിൽ മൈത്തെയ്, കുക്കി-സോ വിഭാഗങ്ങൾ തമ്മിൽ തുടരുന്ന വംശീയ സംഘർഷങ്ങൾ വലിയ രീതിയിലുള്ള ജീവഹാനിക്കും ഭവനരഹിതരാക്കപ്പെടലിനും കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ അഭിമാനതാരമായിരുന്നിട്ടും മാതൃസംസ്ഥാനത്തെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ തനിക്ക് സ്വാധീനമില്ലാത്തതിലാണ് താരം നിസ്സഹായത പ്രകടിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
