പ്രശസ്ത ഹോളിവുഡ് താരം നിക്കോളാസ് കേജിന്റെ അമേരിക്കയിലെ മാളിബുവിലുള്ള കോടികൾ വിലമതിക്കുന്ന വീടിന് മുന്നിൽ വലിയ ഗർത്തം. വീടിന് തൊട്ടുമുന്നിലെ റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടതിനെ തുടർന്ന് കേജിന്റെ ആഡംബര വസതി തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. തീരദേശത്തെ മണ്ണൊലിപ്പാണ് ഏകദേശം മുപ്പതടി നീളവും മുപ്പതടി വീതിയുമുള്ള ഈ കൂറ്റൻ കുഴി രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിലെ വലിയ കോൺക്രീറ്റ് കഷണങ്ങളും മതിലിന്റെ ഭാഗങ്ങളും കുഴിയിലേക്ക് പതിച്ച നിലയിലാണ്.
ഭൂമി ഇടിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ ഗ്യാസ് ചോർച്ചയുണ്ടായത് അധികൃതരെയും പ്രദേശവാസികളെയും ഒരുപോലെ പരിഭ്രാന്തരാക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയും ഗ്യാസ് കമ്പനി ജീവനക്കാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചോർച്ച നിയന്ത്രണവിധേയമാക്കിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ പ്രദേശത്തേക്കുള്ള ഗ്യാസ് വിതരണം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് നിക്കോളാസ് കേജിന്റെ വസതി ഉൾപ്പെടെ പ്രദേശത്തെ അഞ്ച് വീടുകളിൽ പ്രവേശിക്കുന്നത് നഗരസഭ അധികൃതർ വിലക്കി. അപകട ഭീഷണിയുള്ളതിനാൽ ഈ വീടുകൾക്ക് മുന്നിൽ അധികൃതർ റെഡ് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ നിക്കോളാസ് കേജോ കുടുംബമോ വീട്ടിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏകദേശം പത്തു മില്യൺ ഡോളറിലധികം അതായത് ഏകദേശം എൺപത്തിയഞ്ച് കോടിയിലധികം രൂപ ചെലവഴിച്ചാണ് രണ്ട് വർഷം മുൻപ് താരം ഈ ആഡംബര ഭവനം സ്വന്തമാക്കിയത്. നാല് കിടപ്പുമുറികളും ആറ് കുളിമുറികളും റൂഫ് ടോപ്പ് ഡെക്കുമൊക്കെയുള്ള ഈ നാല് നില മന്ദിരം കേജിന്റെ ഏറ്റവും പ്രിയപ്പെട്ട വസതികളിൽ ഒന്നായിരുന്നു. നിലവിൽ വലിയ സുരക്ഷാ മുൻകരുതലുകളാണ് പ്രദേശത്ത് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
