വാഷിംഗ്ടണ്‍: വെവ്വേറെ വിമാനങ്ങളുടെ കോക്പിറ്റിലിരുന്ന് രണ്ട് പൈലറ്റുമാര്‍ ടേക്ക് ഓഫിന് തൊട്ടുമുമ്പ് സംസാരിച്ചാല്‍ എങ്ങനെയുണ്ടാകും? സംസാരിച്ചത് അച്ഛനും മകളുമാണെങ്കിലോ? യുഎസിലെ വാഷിംഗ്ടണ്‍ ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സോഷ്യല്‍ മീഡിയയുടെ മനസ്സ് നിറച്ച ഈ അത്യപൂര്‍വ സംഭവം നടന്നത്.
യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റ് കെന്റ് കട്നിക്കും കമ്മ്യൂട്ട് എയര്‍ പൈലറ്റായ മകള്‍ കെന്നി കട്നിക്കും തമ്മിലാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വന്‍സിയിലൂടെ പരസ്പരം സംസാരിച്ചത്.
ജര്‍മനിയിലെ മ്യൂണിക്കിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു കെന്റ്. തൊട്ടടുത്ത റണ്‍വേയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന കെന്നി, കണ്‍ട്രോള്‍ ടവറുമായുള്ള ആശയവിനിമയത്തിനിടെ അച്ഛന്റെ ശബ്ദം തിരിച്ചറിയുകയായിരുന്നു.
'അച്ഛനല്ലേ?' എന്ന മകളുടെ ചോദ്യത്തിന് 'ഹലോ, നീ എവിടെയാണ്?' എന്ന് കെന്റ് തിരിച്ചുചോദിച്ചു. 'റണ്‍വേ വണ്‍-റൈറ്റില്‍ നിന്ന് ടേക്ക് ഓഫിന് തയ്യാറെടുക്കുന്നു, സുരക്ഷിതമായ യാത്ര ആശംസിക്കുന്നു അച്ഛാ' എന്ന് കെന്നി പറഞ്ഞപ്പോള്‍ അച്ഛനും സ്‌നേഹത്തോടെ യാത്ര പറഞ്ഞു.
45 സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന ഈ സംഭാഷണത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറും തമാശയുമായി പങ്കുചേര്‍ന്നു. മകള്‍ പൈലറ്റായതില്‍ അഭിമാനമുണ്ടോ എന്ന ചോദ്യത്തിന് 'ഒരു പരിധിവരെ' എന്ന് കെന്റ് തമാശയായി മറുപടി നല്‍കി. മകള്‍ ഇപ്പോഴും ഫാമിലി സെല്‍ ഫോണ്‍ പ്ലാനിലാണെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, 'കല്യാണം കഴിക്കുന്നത് വരെ മകളെ ഫോണ്‍ പ്ലാനില്‍ നിന്ന് മാറ്റരുത്' എന്ന് കണ്‍ട്രോളര്‍ ഉപദേശിച്ചു. 'ഞാന്‍ ഇപ്പോഴും സിംഗിളാണ്!' എന്ന് മറ്റൊരു കോക്പിറ്റിലിരുന്ന് കെന്നി ഉറക്കെ പറഞ്ഞതോടെ കണ്‍ട്രോള്‍ റൂമിലും റണ്‍വേയിലും ചിരി പടര്‍ന്നു.
'ജോലിക്കിടയില്‍ അച്ഛനെ കണ്ടുമുട്ടുമ്പോള്‍' എന്ന കുറിപ്പോടെ വിമാനത്താവള അധികൃതര്‍ പങ്കുവെച്ച ഈ റെക്കോര്‍ഡിങ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
