സിനിമയിലെ പാട്ടുകളിലും സംഗീത മേഖലയിലും ഇപ്പോഴും പുരുഷാധിപത്യമുണ്ടെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. അനുചിതമായ വരികളും സ്ത്രീകളെ വസ്തുവൽക്കരിക്കുന്ന രീതിയിലുള്ള സംഗീത ശൈലിയുമുള്ള സൂപ്പർഹിറ്റ് പാട്ടുകൾ താൻ മുൻപ് വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് ശ്രേയ ഘോഷാൽ പറഞ്ഞു.
വൻ ജനപ്രീതി നേടിയ പല ഗാനങ്ങളും ഇത്തരം കാരണങ്ങളാൽ നിരസിച്ചിട്ടുണ്ടെന്ന് 'ദി മെയിൽ ഫെമിനിസ്റ്റ്' പോഡ്കാസ്റ്റിൽ നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. ഇന്ത്യൻ ചലച്ചിത്ര സംഗീത മേഖല ഇന്നും പുരുഷാധിപത്യത്തിന് മുൻതൂക്കമുള്ളതാണെന്നും ശ്രേയ തുറന്നടിച്ചു.
ഒരു ഘട്ടത്തിൽ സ്ത്രീ ഗായകർക്ക് ഇത്തരത്തിലുള്ള പാട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നതെന്ന് ശ്രേയ ചൂണ്ടിക്കാട്ടി. "സ്ത്രീ ഗായകർക്കും നടിമാർക്കും ഒരുപോലെ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നമാണിത്. ഇതിന്റെ വേരുകൾ കിടക്കുന്നത് നമ്മുടെ സമൂഹത്തിലെ ലിംഗവിവേചനത്തിലും പുരുഷാധിപത്യത്തിലുമാണ്. എന്നാൽ സ്വതന്ത്ര സംഗീതത്തിന്റെ വരവോടെ ഇതിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്," ശ്രേയ പറഞ്ഞു.
കരിയറിന്റെ തുടക്കത്തിൽ 'ചിക്നി ചമേലി' പോലെയുള്ള ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും, ഇന്ന് അത്തരം പാട്ടുകൾ പാടില്ലെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ശ്രേയ പറഞ്ഞു. അഞ്ചും ആറും വയസ്സുള്ള കൊച്ചുകുട്ടികൾ ഇത്തരം വരികളുടെ അർത്ഥമറിയാതെ പാടി നടക്കുമ്പോഴാണ് എനിക്ക് കടുത്ത വിഷമം തോന്നുമായിരുന്നത്. അതുകൊണ്ടാണ് ഇത്തരം പാട്ടുകളിൽ നിന്ന് മാറിനിൽക്കാൻ താൻ തീരുമാനിച്ചത്," ശ്രേയ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
