കോട്ടയം: കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ബാർ ലൈസൻസുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. 2016 ഏപ്രിലിൽ വെറും 29 ബാറുകൾ മാത്രം പ്രവർത്തിച്ചിരുന്ന സ്ഥാനത്ത്, 2026 ഏപ്രിലിലെ കണക്കുകൾ പ്രകാരം ബാറുകളുടെ എണ്ണം 903 ആയി വർദ്ധിച്ചു. സർക്കാരിന്റെ മദ്യനയത്തിൽ വന്ന മാറ്റങ്ങളാണ് ബാറുകളുടെ എണ്ണം ഇത്രയധികം ഉയരാൻ ഇടയാക്കിയത്.
2014-ലെ യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തെത്തുടർന്ന് പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ സംസ്ഥാനത്തുണ്ടായിരുന്ന 730 ബാറുകളിൽ 701 എണ്ണവും പൂട്ടിപ്പോവുകയോ ബിയർ-വൈൻ പാർലറുകളായി മാറുകയോ ചെയ്തു. അങ്ങനെയാണ് 2016-ൽ ബാറുകളുടെ എണ്ണം 29 ആയി ചുരുങ്ങിയത്. എന്നാൽ പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മദ്യനയത്തിൽ ഇളവുകൾ വരുത്തിയതോടെ ബാറുകൾ വീണ്ടും വ്യാപകമായി തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
നിലവിലെ ബാറുകളുടെയും ഔട്ട്‌ലെറ്റുകളുടെയും കണക്ക്:
പഞ്ചനക്ഷത്ര ബാറുകൾ: 57
നാല് നക്ഷത്ര ബാറുകൾ: 308
മൂന്ന് നക്ഷത്ര ബാറുകൾ: 512
സർക്കാർ മദ്യശാലകൾ: ബെവറേജസ് കോർപ്പറേഷന്റെ 285 ചില്ലറ വിൽപ്പന ശാലകളും കൺസ്യൂമർഫെഡിന്റെ 46 ഔട്ട്‌ലെറ്റുകളുമാണ് നിലവിലുള്ളത് (2014-ലെ കണക്കുകൾക്ക് സമാനമായി മാറ്റമില്ലാതെ തുടരുന്നു).
ഒരേ നഗരത്തിൽ തന്നെ തൊട്ടടുത്ത് നിരവധി ബാറുകൾ ആരംഭിച്ചതോടെ വിൽപ്പന കൂട്ടാനായി സമയക്രമം ലംഘിച്ച് പ്രവർത്തിക്കുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. ഇത്തരം ചട്ടലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാതിരിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വൻതോതിൽ കൈക്കൂലി നൽകുന്നതായും ആക്ഷേപമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
