കൽപ്പറ്റ: വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ മൊഴിയെടുക്കാൻ എക്സൈസ്. ലില്ലിക്കുട്ടിക്ക് ഉടൻ നോട്ടിസ് നൽകും.
ജപ്തിയിലായ വീട് ലില്ലിക്കുട്ടി എന്നയാൾ ലേലത്തിൽ പിടിച്ചെടുത്തു എന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. എന്നാൽ വീട് ആന്റോയുടേത് തന്നെയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എക്സൈസ് അന്വേഷണസംഘം. വീടിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ എക്സൈസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. മൊഴി എടുക്കാൻ വീട്ടിൽ നേരിട്ടെത്തിയിട്ടും ലില്ലിക്കുട്ടിയെ കണ്ടെത്താനായില്ലെന്ന് എക്സൈസ് പറയുന്നു.
അതേസമയം ആന്റോ അഗസ്റ്റിന്റെ ജപ്തി ചെയ്ത വീട് തിരിച്ചുപിടിച്ചതിലും ദുരൂഹ ഇടപാടെന്ന റിപ്പോർട്ടാണ് നേരത്തെ പുറത്ത് വന്നത്. വീടും 36.25 സെന്റ് സ്ഥലവും ഈടുനൽകി പൊതുമേഖലാ ബാങ്കിൽനിന്നെടുത്ത 13.57 കോടി രൂപയുടെ വായ്പ കുടിശ്ശികയായതിനെ തുടർന്നാണ് ബാങ്ക് സ്വത്ത് ലേലത്തിന് വെച്ചത്. ലേലത്തിൽ ആന്റോയുടെ ഭാര്യാമാതാവ് ലില്ലി മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. കോടികൾ വിലമതിക്കുന്ന സ്വത്ത് രണ്ട് കോടി രൂപയ്ക്കാണ് ലില്ലിയുടെ പേരിൽ തിരിച്ചുപിടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ലേലത്തിലൂടെ സ്വന്തമാക്കിയ സ്വത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബാങ്ക് അധികൃതർ ഇതുവരെ സമ്മതം നൽകിയിട്ടില്ലെന്നാണ് വിവരം. ഇതോടെ കെട്ടിടനികുതി അടയ്ക്കുന്നതും വീടിന്റെ കൈവശാവകാശവും ഇപ്പോഴും ആന്റോയുടെ പേരിലാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. നാല് വർഷം മുൻപ് ജപ്തി ചെയ്ത ഈ വീട്ടിൽനിന്നാണ് കഴിഞ്ഞദിവസം അളവിൽക്കവിഞ്ഞ മദ്യം പിടികൂടിയത്. വീട് തന്റെ പേരിലല്ലെന്നും അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ആന്റോ ഹൈക്കോടതിയിലടക്കം വാദിച്ചിരുന്നു.
അതേസമയം, ഭാര്യാമാതാവാണ് സ്വത്ത് ലേലത്തിൽ സ്വന്തമാക്കിയതെന്ന വിവരം മറച്ചുവെച്ച് ബാങ്കിന്റെ പഴയ വിൽപ്പന സർട്ടിഫിക്കറ്റ് ആന്റോ കോടതിയിൽ ഹാജരാക്കിയതായും റിപ്പോർട്ടുണ്ട്. കെട്ടിടനികുതി ഇപ്പോഴും ആന്റോ തന്നെയാണ് അടയ്ക്കുന്നതെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെയാണ് ജപ്തി ചെയ്ത സ്വത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
ആന്റോ ആരംഭിച്ച ‘ഏഷ്യൻ മോട്ടോഴ്സ്’ എന്ന വാഹനഷോറൂമിന്റെ നടത്തിപ്പിനായാണ് 2013 ൽ പൊതുമേഖലാ ബാങ്കിൽനിന്ന് വായ്പയെടുത്തത്. ചൈനയിൽനിന്ന് എം.എം.ഡബ്ല്യു. ട്രക്കുകൾ ഇറക്കുമതി ചെയ്ത് ഡീലർഷിപ്പ് നടത്തുന്നതിനായാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ബാങ്കിനെ അറിയിച്ചതായാണ് വിവരം. വാഹനങ്ങളും അനുബന്ധ ഭാഗങ്ങളും വാങ്ങുന്നതിനായി 11.57 കോടി രൂപയുടെ കാഷ് ക്രെഡിറ്റും 10 വാഹനങ്ങൾ വാങ്ങുന്നതിനായി രണ്ട് കോടി രൂപയുടെ ടേം ലോണുമാണ് എടുത്തത്.
എന്നാൽ പിന്നീട് ബാങ്ക് നടത്തിയ പരിശോധനയിൽ ഷോറൂമിൽ പ്രദർശിപ്പിക്കാനായി വാഹനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വായ്പാ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് തുക തിരിച്ചുപിടിക്കാൻ ബാങ്ക് നടപടികൾ ആരംഭിക്കുകയും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തു. ഇതിന്റെ തുടർനടപടിയായാണ് 2022 ജൂൺ 30 ന് വീടും സ്ഥലവും ലേലത്തിന് വെച്ചത്. 36.25 സെന്റിൽ വീട് സ്ഥിതി ചെയ്യുന്ന ഭാഗം മാത്രം ഏകദേശം 11.25 സെന്റാണ്. ഓൺലൈനായി നടന്ന ലേലത്തിൽ ആന്റോയുടെ ഭാര്യാമാതാവ് മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം.
ഇതിനിടെ, ഒരേ സ്വത്ത് രണ്ട് പൊതുമേഖലാ ബാങ്കുകളിൽ ഈടായി നൽകിയതായും ആരോപണമുണ്ട്. 2013-ലെ വായ്പ നിലനിൽക്കെ അതേ വീടും സ്ഥലവും മറ്റൊരു പൊതുമേഖലാ ബാങ്കിലും പണയംവെച്ച് വായ്പയെടുത്തതായാണ് ആരോപണം. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് അധികൃതർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. സ്വത്തിന്റെ ലേലം, ഉടമസ്ഥാവകാശം, വിവിധ ബാങ്കുകളിൽ ഈടായി നൽകിയതുമായി ബന്ധപ്പെട്ട നടപടികൾ എന്നിവയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെയാണ് പുതിയ ആരോപണങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
