ഓസ്റ്റിന്‍: ഭാവിയിലെ ഗതാഗത സംവിധാനങ്ങളില്‍ നിര്‍ണ്ണായക മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട്, പൂര്‍ണ്ണമായും സ്വയം നിയന്ത്രിത വാഹനമായ 'സൈബര്‍ക്യാബ്' വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി വില്‍പ്പനയ്ക്ക് എത്തിച്ച് ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല. സ്റ്റിയറിംഗ് വീലോ പെഡലുകളോ ഇല്ലാത്ത രണ്ട് സീറ്റുള്ള ഈ അത്യാധുനിക റോബോടാക്‌സിക്കായി തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളില്‍ നിന്ന് കമ്പനി ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി. ഇതുവരെ ടെസ്ലയുടെ ടാക്‌സി ശൃംഖലയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ വാഹനം ഇതോടെ സാധാരണ ഉപഭോക്താക്കള്‍ക്കും സ്വന്തമാക്കാന്‍ അവസരമൊരുങ്ങുകയാണ്.
29,990 ഡോളറാണ് സൈബര്‍ക്യാബിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിനൊപ്പം പ്രതിമാസം 299 ഡോളര്‍ ചിലവ് വരുന്ന ഓട്ടോണമി സബ്സ്‌ക്രിപ്ഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതുണ്ട്. സ്വര്‍ണ്ണ നിറത്തിലും മുകളിലേക്ക് തുറക്കുന്ന ബട്ടര്‍ഫ്‌ലൈ ഡോറുകളോടും കൂടിയ ആകര്‍ഷകമായ രൂപകല്‍പ്പനയാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. എന്നാല്‍ 299 ഡോളര്‍ എന്ന പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് വളരെ കൂടുതലാണെന്നും, മറ്റ് ടെസ്ല കാറുകളിലെ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ്, കണക്റ്റിവിറ്റി സേവനങ്ങളുടെ നിരക്കിന് സമാനമായി ഏകദേശം 115 ഡോളറിലേക്ക് ഇത് കുറയ്‌ക്കേണ്ടതുണ്ടെന്നും ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.
ഓസ്റ്റിന്‍, ഡാളസ്, ഫോര്‍ട്ട് വര്‍ത്ത്, ഹ്യൂസ്റ്റണ്‍, മിയാമി, ഒര്‍ലാന്‍ഡോ, സാന്‍ അന്റോണിയോ, ടാമ്പ എന്നീ എട്ട് പ്രധാന അമേരിക്കന്‍ നഗരങ്ങളിലായിരിക്കും സൈബര്‍ക്യാബ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക. നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് രാജ്യവ്യാപകമായി വില്‍പ്പന വ്യാപിപ്പിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. സൈബര്‍ ക്യാബിന് വിപണിയില്‍ വലിയ ഡിമാന്‍ഡ് ഉള്ളതിനാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി അടുത്ത വര്‍ഷം പകുതിയോടെ ടെക്‌സാസ് ഗിഗാഫാക്ടറിയിലെ സൈബര്‍ ട്രക്ക് നിര്‍മ്മാണം അവസാനിപ്പിക്കുമെന്നും മസ്‌ക് അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് മേഖലകളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടെസ്ലയുടെ ഈ പുതിയ നീക്കം. പ്രതിവര്‍ഷം 1,25,000-ത്തിലധികം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുള്ള ഈ പദ്ധതിയിലൂടെ ആഗോള റോബോടാക്‌സി ശൃംഖലയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അതേസമയം, വാഹനം ഫെഡറല്‍ മോട്ടോര്‍ വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ പരിശോധനകള്‍ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
