തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യത്തിലും സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എന്‍.എയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലുണ്ടായ വിവാദങ്ങളിലും വ്യക്തത തേടി സര്‍ക്കാര്‍ കെ.എസ്.ഇ.ബിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിലവിലെ വൈദ്യുതി ലഭ്യതയെക്കുറിച്ചും, ജി.എന്‍.എ പോലുള്ള സംവിധാനങ്ങളില്‍ നിന്ന് ഉഭയകക്ഷി ധാരണയിലൂടെ വൈദ്യുതി വാങ്ങുന്നതിലെ നിയമപരമായ വശങ്ങളെക്കുറിച്ചും വിശദീകരിക്കാനാണ് ഊര്‍ജവകുപ്പ് സെക്രട്ടറി കത്തിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ലാത്തതിനാലാണ് ജി.എന്‍.എയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന കെ.എസ്.ഇ.ബിയുടെ മുന്‍പത്തെ വിലയിരുത്തല്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഊര്‍ജവകുപ്പ് റിപ്പോര്‍ട്ട് തേടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ വാദത്തെ തള്ളിക്കളഞ്ഞ മന്ത്രി സണ്ണി ജോസഫ്, ജി.എന്‍.എ കരാര്‍ വിവാദമായപ്പോള്‍ അതില്‍ നിന്ന് പിന്മാറുന്നതിനായാണ് പ്രതിസന്ധിയില്ലെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് പരസ്യമായി വിമര്‍ശിച്ചു. കരാറുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന ഡോ. രാജമാണിക്യത്തിന്റെ കാലത്താണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ജി.എന്‍.എ കരാറിനെ എതിര്‍ത്ത അദ്ദേഹത്തെ പിന്നീട് സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു. സാധാരണഗതിയില്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുകള്‍ വിലയിരുത്തി കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരുടെ കോര്‍ കമ്മിറ്റിയാണ് വൈദ്യുതി ആവശ്യകത നിര്‍ണയിക്കുന്നത്. എന്നാല്‍ കരാര്‍ വിവാദമായ സാഹചര്യത്തില്‍ കോര്‍ കമ്മിറ്റി യോഗം ചേരാതെയാണ് വൈദ്യുതി പ്രതിസന്ധിയില്ലെന്ന വിവരം നല്‍കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ജി.എന്‍.എ കമ്പനിയില്‍ വൈദ്യുതി ലഭ്യമാണെന്ന വിവരം ഒക്ടോബര്‍ 13 ന് ചീഫ് സെക്രട്ടറി വഴിയാണ് ആദ്യം സര്‍ക്കാരിലെത്തിയതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക കത്ത് കെ.എസ്.ഇ.ബിയ്ക്ക് ലഭിച്ചത് പത്ത് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നുവെന്നും ഈ കത്ത് ഫയലിന്റെ ഭാഗമാക്കിയിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. ട്രേഡിങ് ലൈസന്‍സില്ലാത്ത പ്ലാറ്റ്ഫോമുകള്‍ വൈദ്യുതി വിതരണത്തിന് വാഗ്ദാനം നല്‍കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ, കെ.എസ്.ഇ.ബി നല്‍കുന്ന വിശദീകരണ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ നിര്‍ണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
