തിരുവനന്തപുരം: ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കലിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് തർക്കമാണെന്നാണ് പൊലീസ് പറയുന്നത്.
അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആൻ്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു. ഷാഡോ അനിൽ എന്ന അനിൽ പ്രസാദും വിനോദ് ആൻ്റണിയും ആണ് ബൈക്കിൽ എത്തി ജ്വല്ലറിയുടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്നത്. തുടർന്ന് ഇവർ ബൈക്കിൽ ഫ്ലൈവർ പിന്നിട്ടു ഹൈവേയ്ക്ക് സമീപം എത്തുകയും കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെടുകയുമായിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി, ബെംഗളൂരുവിലേക്ക് കടക്കുകയും പിന്നീട് വയനാട് ഭാഗത്തേക്ക് എത്തുകയുമായിരുന്നു. വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചിൽ തുടരുകയാണ്.
പ്രതികളായ അമുൽ, ദിലീപ് എന്നിവർ ചാലയിൽ സ്വർണ വ്യാപാരം നടത്തുന്നവരാണ്. ഇവരാണ് കവർച്ചയ്ക്ക് ഇരയായ ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജ് ആണ് ക്വട്ടേഷൻ ഏറ്റെടുത്തത്.
ഇതിനിടെ, നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയ ശ്രാവണും ഇവർക്കൊപ്പം കാറിൽ കയറി. വയനാട്ടിലെത്തിയ സംഘം പരിചയക്കാരനായ രാജീവിനെ വിളിക്കുകയും വിനോദയാത്രയ്ക്ക് എത്തിയതാണെന്ന് പറഞ്ഞ് താമസസൗകര്യം ഒരുക്കാൻ പറയുകയും ചെയ്തു. എന്നാൽ പൊലീസ് വാഹനം വളഞ്ഞ് കവർച്ചാ സംഘത്തെ പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
