നാറ്റോ പ്രവേശനത്തിന് പകരം ഡോണ്‍ബാസോ? യുഎസ് മുന്നോട്ടുവെച്ച നിര്‍ണ്ണായക നിര്‍ദ്ദേശത്തില്‍ നിലപാട് വ്യക്തമാക്കി ഉക്രെയ്ന്‍

NOVEMBER 14, 2026, 7:03 PM

കീവ്: അടുത്തിടെ നടന്ന സമാധാന ചര്‍ച്ചകളില്‍ നാറ്റോ അംഗത്വത്തിന് പകരമായി കിഴക്കന്‍ ഡോണ്‍ബാസ് മേഖല റഷ്യയ്ക്ക് വിട്ടുനല്‍കുന്ന ആശയം അമേരിക്ക മുന്നോട്ടുവെച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വെളിപ്പെടുത്തി. യുഎസ് ചര്‍ച്ചക്കാര്‍ ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നത് ഇതാദ്യമാണെന്ന് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. 2022 ല്‍ ഉക്രെയ്നിനെതിരെ പൂര്‍ണ്ണതോതിലുള്ള അധിനിവേശം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത് ഉക്രെയ്നിന്റെ നാറ്റോ അംഗത്വ നീക്കത്തെയായിരുന്നു.

ഡോണ്‍ബാസ് മേഖലയുടെ ഭൂരിഭാഗവും നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലാണെങ്കിലും, അവിടെ മോസ്‌കോ നടത്തുന്ന കരയാക്രമണം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. ഉക്രെയ്ന്‍ നാറ്റോയില്‍ ചേരുകയാണെങ്കില്‍ ഡോണ്‍ബാസില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകുമോ എന്നായിരുന്നു അമേരിക്കന്‍ പ്രതിനിധികളുടെ ചോദ്യമെന്ന് സെലെന്‍സ്‌കി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാര ഭൂമി വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച അദ്ദേഹം, ശക്തമായ സൈന്യവും നാറ്റോയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഉറപ്പുകളും ഉള്‍പ്പെടുന്ന ഒരു സമഗ്ര സുരക്ഷാ പാക്കേജ് ലഭിക്കുകയാണെങ്കില്‍ ഇക്കാര്യം പൊതുജനാഭിപ്രായത്തിന് വിടുമെന്നും വ്യക്തമാക്കി. അമേരിക്കയും മറ്റ് നാറ്റോ പങ്കാളികളും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ ജനങ്ങളുടെ അഭിപ്രായം തേടുകയുള്ളൂ എന്നും, തനിക്ക് ഒറ്റയ്ക്ക് അത്തരമൊരു തീരുമാനമെടുക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഉക്രെയ്നിന് ആവശ്യമായ സുരക്ഷാ ഉറപ്പായി നാറ്റോ പ്രവേശനം മാറിയേക്കാമെന്ന് ഉക്രെയ്നിലെ മുന്‍ യുഎസ് അംബാസഡര്‍ വില്യം ടെയ്ലര്‍ നിരീക്ഷിച്ചു. എങ്കിലും സഖ്യത്തിലേക്ക് ഒരു പുതിയ രാജ്യത്തെ ഉള്‍പ്പെടുത്തുന്നതിന് എല്ലാ അംഗരാജ്യങ്ങളുടെയും ഏകകണ്ഠമായ സമ്മതം അനിവാര്യമായതിനാല്‍ വാഷിംഗ്ടണിന് മാത്രമായി ഇത്തരമൊരു ഉറപ്പ് നല്‍കാനാവില്ലെന്നും നിലവില്‍ ഇതൊരു ഔദ്യോഗിക വാഗ്ദാനമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രംപ് ഭരണകൂടത്തിന്റെ പ്രതിനിധികളായ ജാരെഡ് കുഷ്നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുടെ മധ്യസ്ഥതയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അബുദാബിയില്‍ നടന്ന ത്രികക്ഷി ചര്‍ച്ചകള്‍ മാസങ്ങള്‍ക്ക് ശേഷം ഇരുപക്ഷവും നേരിട്ട് പങ്കെടുത്ത ആദ്യ കൂടിക്കാഴ്ചയായിരുന്നു. കാര്യമായ തീരുമാനങ്ങളൊന്നുമാകാതെ പിരിഞ്ഞ ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രതിനിധികള്‍ സെലെന്‍സ്‌കിയുമായും പുടിനുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.

അതേസമയം ഉക്രെയ്നിന്റെ സ്റ്റാര്‍ഷീല്‍ഡ് ഉപഗ്രഹ സേവനത്തിന്മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് സുതാര്യത പുലര്‍ത്തുന്നില്ലെന്നും സെലെന്‍സ്‌കി ആരോപിച്ചു. മുന്‍നിരയിലും റഷ്യന്‍ അധിനിവേശ മേഖലകളിലും കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന നിയന്ത്രണങ്ങള്‍ ഉക്രെയ്നിന്റെ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും, ഇത് വെറുമൊരു സാങ്കേതിക പ്രശ്‌നമാണെന്ന സ്പേസ് എക്സിന്റെ വാദം വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒക്ടോബറില്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം പുതിയ തടസ്സങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സ്പേസ് എക്സിന്റെ നിലപാട്.

അബുദാബി ചര്‍ച്ചകളില്‍ യൂറോപ്പിനായി ഒരു പുതിയ സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കാന്‍ യുഎസ് സംഘം താല്‍പര്യം പ്രകടിപ്പിച്ചത് യൂറോപ്പിലെ ശക്തിസന്തുലിതാവസ്ഥ അട്ടിമറിക്കാനുള്ള റഷ്യന്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് സെലെന്‍സ്‌കി സംശയം പ്രകടിപ്പിച്ചു. വെടിനിര്‍ത്തലും യുദ്ധവിരാമവും ഉറപ്പാക്കിയതിന് ശേഷം മാത്രമേ പുതിയ യൂറോപ്യന്‍ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളെ ഭാവിയിലെ സമാധാന ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ക്രെംലിന്‍ ഇതിനോട് പൂര്‍ണ്ണമായി യോജിച്ചിട്ടില്ലെങ്കിലും, യൂറോപ്പിന്റെ സാന്നിധ്യം അനിവാര്യമാണെന്നും ആരൊക്കെയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുമായി ആലോചിച്ച് തീരുമാനിക്കണമെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam