ഹോളിവുഡിൽ ഏറെ ആരാധകരുള്ള ഫാന്റസി ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പ്രാക്ടിക്കൽ മാജിക് 2' റിലീസിന് ഒരുങ്ങവേ, ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ അനുഭവങ്ങളും പുതിയ സിനിമയിലെ വിശേഷങ്ങളും പങ്കുവെച്ച് പ്രമുഖ താരങ്ങളായ നിക്കോൾ കിഡ്മാനും സാന്ദ്രാ ബുളോക്കും.
മുൻപ് ഇറങ്ങിയ ആദ്യ ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ലെങ്കിലും, വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക് വൻ ജനപ്രീതി ലഭിക്കുകയും ചിത്രം ഒരു ക്ലാസിക് സിനിമയായി മാറുകയും ചെയ്യുകയായിരുന്നു. അന്ന് നേരിടേണ്ടി വന്ന കടുപ്പമേറിയ വിമർശനങ്ങളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അഭിമുഖത്തിൽ താരങ്ങൾ മനസ്സ് തുറന്നു.
സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയ സമയത്ത് തങ്ങൾ നേരിട്ട മാധ്യമ വിമർശനങ്ങൾ വലിയ മാനസിക വിഷമമുണ്ടാക്കിയതായി സാന്ദ്രാ ബുളോക്ക് വെളിപ്പെടുത്തി. സിനിമയിൽ കൂടുതൽ സ്ത്രീ കഥാപാത്രങ്ങളുണ്ടെന്നും, മന്ത്രവാദിനികളുടെ പ്രമേയമാണ് ചിത്രത്തിനുള്ളതെന്നും പറഞ്ഞ് വിമർശകർ തങ്ങളെ അവഹേളിക്കുകയായിരുന്നുവെന്ന് സാന്ദ്ര അഭിപ്രായപ്പെട്ടു.
എന്നാൽ, കാലം മാറിയതോടെ മന്ത്രവാദവും മാജിക്കും അടങ്ങുന്ന ഇത്തരം പ്രമേയങ്ങളെ പോസിറ്റീവായി കാണാൻ ആളുകൾ തുടങ്ങിയിട്ടുണ്ടെന്ന് നിക്കോൾ കിഡ്മാൻ വ്യക്തമാക്കി. വ്യക്തിപരമായി തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ സിനിമയെന്നും അവർ കൂട്ടിച്ചേർത്തു.ചിത്രത്തിന്റെ നിർമ്മാതാക്കളിൽ പ്രധാനികളായ സാന്ദ്രയും നിക്കോളും കൃത്യമായ ബജറ്റ് പരിധിക്കുള്ളിൽ നിന്നാണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
ലണ്ടനിലെ ഔട്ട്‌ഡോർ സെറ്റിൽ സിനിമയിലെ ഐക്കണിക് ഓവൻസ് ഹൗസ് നിർമ്മിക്കുമ്പോഴടക്കം തങ്ങൾ ബജറ്റ് കൃത്യമായി പരിപാലിച്ചിരുന്നു എന്ന് ഇരുവരും പറഞ്ഞു. ആലീസ് ഹോഫ്മാൻ 2021-ൽ എഴുതിയ 'ദി ബുക്ക് ഓഫ് മാജിക്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ രണ്ടാം ഭാഗം നിർമ്മിച്ചിരിക്കുന്നത്. നിക്കോൾ കിഡ്മാനും സാന്ദ്രാ ബുളോക്കിനും പുറമെ പുതിയ കഥാപാത്രങ്ങളായി ജോയി കിംഗ്, മെയ്സി വില്യംസ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അമേരിക്കയിൽ സെപ്റ്റംബർ 10-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
