ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യാപാര പുരോഗതിക്കും സമുദ്രപാതകളുടെ സുരക്ഷയും തടസ്സമില്ലാത്ത വിതരണ ശൃംഖലകളും നാവികരുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവിക സ്വാതന്ത്ര്യത്തെയും നാവികരുടെ സുരക്ഷയെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം ചടങ്ങില്‍ എടുത്ത് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് മേഖലയില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയും ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ വിഷയം ഗൗരവമായി ഉന്നയിച്ചത്. പശ്ചിമേഷ്യ, കരിങ്കടല്‍ മേഖലകളിലെ സംഘര്‍ഷങ്ങള്‍ സമുദ്ര വ്യാപാരത്തെയും നാവികരുടെ സുരക്ഷയെയും ബാധിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയിലും അദ്ദേഹം വിശദീകരിച്ചു.
ബ്രിക്സ് രാജ്യങ്ങളുടെ വളര്‍ച്ചയും ഇന്ത്യയുടെ മുന്നേറ്റവും
ലോക ജനസംഖ്യയുടെ 50 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനവും കൈയാളുന്ന ബ്രിക്സ് കൂട്ടായ്മ, ലോകത്തിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് ഇരട്ടി വേഗതയിലാണ് സാമ്പത്തിക ശക്തി കൈ വരിക്കുന്നത്. ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത ജിഡിപി 4.5 ഇരട്ടി വളര്‍ന്നപ്പോള്‍ ആഗോള ജിഡിപി വര്‍ധനവ് 2.5 ഇരട്ടി മാത്രമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ട് ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളും 120 യുണികോണുകളുമുള്ള ഇന്ത്യ ഒരു ആഗോള വ്യവസായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കപ്പല്‍ നിര്‍മ്മാണം, സെമികണ്ടക്ടറുകള്‍, ക്വാണ്ടം സാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ മുന്‍പന്തിയിലെത്തുന്നു. കൂടാതെ ലോകത്തെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളില്‍ 50 ശതമാനത്തോളം ഇന്ത്യയുടെ യുപിഐ വഴിയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിര്‍ദ്ദേശങ്ങള്‍
വ്യാപാര രംഗത്ത് ഒഴിവാക്കേണ്ട 10 പ്രധാന തടസ്സങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും, പ്രതിവര്‍ഷം 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനും 1,000 പുതിയ ബിസിനസ് പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനും മോദി ബ്രിക്സ് ബിസിനസ് കൗണ്‍സിലിനോട് ആഹ്വാനം ചെയ്തു. ഇതിനായി ബ്രിക്സ് ഇന്‍കുബേറ്റര്‍ നെറ്റ്‌വര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഫണ്ട് തുടങ്ങിയ സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ വിദേശകാര്യ മന്ത്രി മൗറോ വിയേര തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ലോകത്ത് വലിയ ഘടനാപരമായ മാറ്റങ്ങള്‍ നടക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് നിരീക്ഷിച്ചപ്പോള്‍, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സാമ്പത്തിക അന്തരീക്ഷത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
