ന്യൂഡൽഹി: 1993 ലെ മുംബൈ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും അധോലോക കുറ്റവാളിയുമായ അബു സലീമിന് സുപ്രീം കോടതിയിൽ തിരിച്ചടി. കഴിഞ്ഞ 25 വർഷമായി താൻ തടവിൽ കഴിയുകയാണെന്നും, അതിനാൽ തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അബു സലീം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണനയ്‌ക്ക് എടുത്തയുടൻ തന്നെ തള്ളിയത്.
2002 ൽ പോർച്ചുഗലിൽ വെച്ചാണ് അബു സലീം പിടിയിലാകുന്നത്. തുടർന്ന് 2005 ൽ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം വധശിക്ഷയോ ഇരുപത്തിയഞ്ച് വർഷത്തിൽ കൂടുതൽ തടവുശിക്ഷയോ നൽകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
വിചാരണക്കാലത്തെ കസ്റ്റഡിയും ജയിലിലെ നല്ല നടപ്പിലൂടെ ലഭിച്ച ഇളവുകളും കണക്കാക്കുമ്പോൾ 2005 മാർച്ചോടെ താൻ ഇരുപത്തിയഞ്ച് വർഷത്തെ തടവുകാലം പൂർത്തിയാക്കിയെന്നും, അതിനാൽ ഇനി തടവിൽ പാർപ്പിക്കുന്നത് അനധികൃത കസ്റ്റഡിയാണെന്നുമായിരുന്നു സലീമിന്റെ വാദം.
എന്നാൽ, പോർച്ചുഗലിൽ നിന്ന് 2005 നവംബറിലാണ് അബു സലീമിനെ ഇന്ത്യയിലെത്തിച്ചതെന്നും, ഇതനുസരിച്ച് ഇരുപത്തിയഞ്ച് വർഷത്തെ തടവുകാലം 2030 നവംബറിൽ മാത്രമേ പൂർത്തിയാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
കൂടാതെ, ജയിലിലെ നല്ല നടപ്പിനുള്ള ഇളവുകൾ (മുൻകൂട്ടി കണക്കാക്കി ഈ ഇരുപത്തിയഞ്ച് വർഷത്തെ കാലാവധി കുറയ്ക്കാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. 2017 ലാണ് മുംബൈ സ്ഫോടനക്കേസിൽ ടാഡാ കോടതി സലീമിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
