ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെങ്കോട്ടയ്ക്ക് സമീപം 11 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അക്രമികളുടെ യഥാര്‍ത്ഥ ലക്ഷ്യവും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിച്ച രീതിയും വ്യക്തമാക്കുന്നത്. അക്രമികളുടെ പ്രാഥമിക ലക്ഷ്യം ചെങ്കോട്ടയായിരുന്നില്ലെന്നും പ്രശസ്തമായ ലാല്‍ മന്ദിര്‍ എന്ന ജെയ്‌ന ക്ഷേത്രമായിരുന്നു എന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
തീവ്രവാദ ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ അക്രമി ഉപയോഗിച്ചത് തികച്ചും അസാധാരണമായ വഴികളായിരുന്നു. അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഡോ. ഉമര്‍ ഉന്‍ നബി സ്വന്തം മൂത്രത്തില്‍ നിന്ന് യൂറിയ വേര്‍തിരിച്ചെടുത്താണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്‌ഫോടനത്തിന് മുന്നോടിയായി 11 ദിവസത്തോളം നൂഹിലെ ഒരു വാടകമുറിയില്‍ താമസിച്ചാണ് ഉമര്‍ ഇത് തയ്യാറാക്കിയത്.
യൂറിയ നൈട്രൈറ്റ് ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന്റെ മാര്‍ഗരേഖകളും ഇതിനായി മൂത്രത്തില്‍ നിന്ന് യൂറിയ വേര്‍തിരിച്ചെടുക്കുന്ന വിവരണങ്ങളും അടങ്ങിയ പിഡിഎഫ് ഫയലുകള്‍ ഉമറിന്റെയും കൂട്ടുപ്രതി ഷഹീന്‍ സയീദിന്റെയും പെന്‍ഡ്രൈവുകളില്‍ നിന്ന് കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉമര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിക്കുന്ന മൂത്രം നിറച്ച പോളിബാഗുകള്‍ കണ്ടെടുത്തതായി അയല്‍വാസിയായ സ്ത്രീയുടെ മൊഴിയുമുണ്ട്.
സംഭവ ദിവസം വൈകിട്ട് 6.37 ഓടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി ലാല്‍ മന്ദിറിന് സമീപം പാര്‍ക്ക് ചെയ്യാനാണ് ഉമര്‍ എത്തിയത്. എന്നാല്‍ കനത്ത ഗതാഗതക്കുരുക്കും പ്രദേശത്തെ ശക്തമായ പൊലീസ് സാന്നിധ്യവും കാരണം പ്ലാന്‍ മാറ്റാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തുടര്‍ന്ന് വാഹനം യു ടേണ്‍ എടുത്ത് ചെങ്കോട്ടയ്ക്ക് സമീപത്തേക്ക് മാറ്റുകയും 6.50 ഓടെ സ്‌ഫോടനം നടത്തുകയുമായിരുന്നു. കൃത്യത്തിന് മുന്‍പ് 2023 നും 2025 നും ഇടയില്‍ 12 തവണയോളം ഉമര്‍ ചെങ്കോട്ടയും പരിസരവും സന്ദര്‍ശിച്ച് റീക്കോണ്‍ നടത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ വഴിയുള്ള പരിശോധന ഒഴിവാക്കാന്‍ സന്ദര്‍ശന വേളകളില്‍ അക്രമികള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും ഫൊറന്‍സിക് തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ എന്‍ഐഎ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
