ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പ്രാചീന തമിഴ് കാവ്യഗ്രന്ഥമായ തിരുക്കുറളിന്റെ റഷ്യന്‍ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ സൗഹൃദം കൂടുതല്‍ ശക്തമാക്കാന്‍ ഈ ഗ്രന്ഥം സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴ് 2026 ല്‍ പുറത്തിറക്കിയ ഈ പ്രത്യേക പതിപ്പില്‍ തമിഴ് മൂലവരികളും അവയുടെ ഉച്ചാരണവും അടങ്ങിയിട്ടുണ്ട്. അര്‍മേനിയന്‍ എഴുത്തുകാരിയും ഗവേഷകയുമായ നൈറ മകൃത്ച്യാന്‍ ആണ് ഇതിന്റെ റഷ്യന്‍ വിവര്‍ത്തനം തയ്യാറാക്കിയത്.
നൂറ്റാണ്ടുകളായി ഭാരതീയ തത്ത്വചിന്ത റഷ്യന്‍ ചിന്തകന്മാരെയും സാഹിത്യകാരന്മാരെയും സ്വാധീനിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ വിവര്‍ത്തനങ്ങളിലൂടെയാണ് പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ലിയോ ടോള്‍സ്റ്റോയ് തിരുക്കുറള്‍ പരിചയപ്പെടുന്നത്. അതിലെ അഹിംസ, കരുണ, ധര്‍മം തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. പിന്നീട് മഹാത്മാ ഗാന്ധിയുമായുള്ള കത്തിടപാടുകളില്‍ ടോള്‍സ്റ്റോയ് ഈ ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിച്ചതായും, ഇതാണ് ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങള്‍ക്ക് പ്രചോദനമായതെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
തിരുവള്ളുവര്‍ രചിച്ച തിരുക്കുറളില്‍ 133 അധ്യായങ്ങളിലായി 1,330 ഈരടികളാണുള്ളത്. അറം (ധര്‍മം), പൊരുള്‍ (അര്‍ഥം), ഇമ്പം (കാമം) എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളായാണ് ഗ്രന്ഥം ക്രമീകരിച്ചിരിക്കുന്നത്. ഭാരതീയ തത്ത്വചിന്തയിലെ പ്രധാന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതി ബി.സി. 300-നും എ.ഡി. 500-നുമിടയിലാണ് രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുക്കുറളിനെ അന്താരാഷ്ട്ര തലത്തില്‍ ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമായി നിരന്തരം ഉയര്‍ത്തിക്കാട്ടാറുണ്ട്. ഉസ്ബെക്കിസ്താന്‍, പാപ്പുവ ന്യൂഗിനി, തായ്ലാന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്കും അദ്ദേഹം മുന്‍പ് തിരുക്കുറള്‍ സമ്മാനിച്ചിട്ടുണ്ട്. കൂടാതെ, 2020-ല്‍ ലഡാക്കിലെ സൈനികരെ അഭിസംബോധന ചെയ്തപ്പോഴും, 2019-ല്‍ ജല്‍ ജീവന്‍ മിഷന്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി തിരുക്കുറളിലെ വരികള്‍ ഉദ്ധരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
