ന്യൂഡല്‍ഹി: കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവാവിന്റെ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. ബാഹ്യ രൂപത്തിലും ജനിതക ഘടനയിലും പൂര്‍ണ്ണമായും പുരുഷനായ യുവാവിന്റെ ശരീരത്തില്‍ ഗര്‍ഭപാത്രവും ഫലോപിയന്‍ ട്യൂബും നിലനില്‍ക്കുന്നതായി കണ്ടെത്തി. വൈദ്യശാസ്ത്ര ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന പെര്‍സിസ്റ്റന്റ് മുള്ളേരിയന്‍ ഡക്റ്റ് സിന്‍ഡ്രോം എന്ന അവസ്ഥയാണിതെന്ന് സ്ഥിരീകരിച്ചു.
ഡല്‍ഹി രാജൗരി ഗാര്‍ഡനിലെ ആര്‍.ജി ഹോസ്പിറ്റലിലാണ് അപൂര്‍വമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വന്ധ്യതാ ചികിത്സയ്ക്കായി പ്രമുഖ യൂറോളജിസ്റ്റ് ഡോ. സുഷീല്‍ ഖര്‍ബന്ദയുടെ അടുത്തെത്തിയ യുവാവിന് ബീജങ്ങളുടെ അഭാവം (അസൂസ്‌പേര്‍മിയ) ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ സ്‌കാനിങ്ങിലാണ് ഉദരത്തിനുള്ളില്‍ ഗര്‍ഭപാത്രത്തിനും ഫലോപിയന്‍ ട്യൂബിനും സമാനമായ അവയവങ്ങള്‍ വികസിച്ചുനില്‍ക്കുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
സാധാരണയായി 46, XY ക്രോമസോം ഘടനയും, പുരുഷ ഹോര്‍മോണുകളും, പുരുഷ ലൈംഗികാവയവങ്ങളുമുള്ളവര്‍ തന്നെയാണ് ഈ അവസ്ഥ ബാധിക്കുന്നവരും. ബാഹ്യരൂപത്തില്‍ ഇവര്‍ പൂര്‍ണ്ണമായും പുരുഷന്മാരായിരിക്കും. ഗര്‍ഭപാത്രത്തിന് പുറമെ, യുവാവിന്റെ ഒരു വൃഷണത്തില്‍ കാന്‍സറിന് കാരണമായേക്കാവുന്ന കോശമാറ്റങ്ങള്‍ സംഭവിച്ചതായും പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് സങ്കീര്‍ണ്ണമായ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ സ്ത്രീ പ്രത്യുത്പാദന അവയവങ്ങള്‍ വിജയകരമായി നീക്കം ചെയ്തു.
ലോക വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഇതുവരെ 300-ല്‍ താഴെ ആളുകളില്‍ മാത്രമാണ് ഈ അപൂര്‍വ ജനിതക വൈകല്യം സ്ഥിരീകരിച്ചിട്ടുള്ളത്. വൃഷണങ്ങള്‍ താഴേക്ക് ഇറങ്ങാതിരിക്കുക (ക്രിപ്‌റ്റോര്‍ക്കിഡിസം), ഹെര്‍ണിയ, വന്ധ്യത എന്നിവയ്ക്ക് ചികിത്സ തേടുമ്പോഴാണ് സാധാരണയായി ഇത്തരം അവസ്ഥകള്‍ തിരിച്ചറിയാറുള്ളത്. കാലങ്ങളോളം തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടെന്ന് അറിയാതെ ജീവിച്ച യുവാവിന് ശസ്ത്രക്രിയയിലൂടെ ആശ്വാസം നല്‍കാനായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
