2040 ഓടെ ഇവി മേഖലയില്‍ രണ്ട് കോടിയിലധികം തൊഴിലവസരങ്ങള്‍; രാജ്യത്ത് വന്‍ സാമ്പത്തിക മുന്നേറ്റമെന്ന് പഠനം

SEPTEMBER 11, 2026, 5:40 AM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള മാറ്റം വന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ വിപണിയിലെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ട്. വികസിത് ഭാരത് ലക്ഷ്യങ്ങളിലൂന്നി മുന്നേറിയാല്‍ 2040 ഓടെ ഇവി മേഖലയില്‍ നിന്നുള്ള വാര്‍ഷിക സാമ്പത്തിക ഉത്പാദനം 620.5 ബില്യണ്‍ ഡോളറായി (ഏകദേശം 50 ലക്ഷം കോടിയിലധികം രൂപ) ഉയരുമെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2024 ല്‍ ഇത് 12.8 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ആഗോള ഇലക്ട്രിക് വാഹന ദിനത്തോടനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇവി മേഖലയുടെ വളര്‍ച്ച രാജ്യത്ത് വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇവി നിര്‍മാണമേഖലയിലെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ 2024 ലെ 90,000 ല്‍ നിന്ന് 2040 ആകുമ്പോഴേക്കും 43 ലക്ഷമായി കുതിച്ചുയരും. ബാറ്ററികള്‍ പൂര്‍ണമായും രാജ്യത്തിനകത്തു തന്നെ നിര്‍മിക്കാനായാല്‍ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ 70 ലക്ഷം വരെയാകും. കൂടാതെ ലോജിസ്റ്റിക്‌സ്, മാര്‍ക്കറ്റിങ്, ഫിനാന്‍സ് തുടങ്ങിയ അനുബന്ധ മേഖലകളില്‍ 1.73 കോടി പുതിയ അവസരങ്ങള്‍ തയാറാകും. ഇതോടെ ഇവി മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് ആകെ രണ്ടു കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

വാഹനങ്ങള്‍ നിര്‍മിക്കുന്നതുകൊണ്ട് മാത്രം സാമ്പത്തിക നേട്ടം പൂര്‍ണമായി കൊയ്യാന്‍ സാധിക്കില്ലെന്നും ബാറ്ററികള്‍ രാജ്യത്ത് തന്നെ നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിച്ചാല്‍ പരമ്പരാഗത വാഹന മേഖലയില്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടം തിരിച്ചടിയാകും. എന്നാല്‍ കുറഞ്ഞത് 25 ശതമാനം ബാറ്ററി നിര്‍മാണമെങ്കിലും പ്രാദേശികമായി നടത്തിയാല്‍ തൊഴില്‍ വിപണിക്ക് അത് വലിയ ഗുണം ചെയ്യും.

ഇവി വില്‍പ്പന ഉയരുന്നതോടെ രാജ്യത്തെ ബാറ്ററി ഡിമാന്‍ഡ് വലിയ തോതില്‍ വര്‍ധിക്കും. റിപ്പോര്‍ട്ട് അനുസരിച്ച് ബാറ്ററി ആവശ്യകത 12 ജിഗവാട്ടില്‍ നിന്ന് 480 ജിഗവാട്ട് ആയി ഉയരും. നിലവില്‍ ഇന്ത്യക്ക് 1.4 ജിഗവാട്ട് ബാറ്ററി നിര്‍മാണ ശേഷി മാത്രമാണുള്ളത്. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലായാല്‍ ഇത് 128 ജിഗവാട്ട് വരെയാകാം. എങ്കിലും ഭാവിയിലെ ഉയര്‍ന്ന ആവശ്യകത നേരിടാന്‍ കൂടുതല്‍ നിര്‍മാണ ശാലകള്‍ സ്ഥാപിക്കേണ്ടതുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam